തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്സ്ബുക്കുമായുള്ള സഹകരണം സംബന്ധിച്ച്‌ പുനരാലോചന നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെയ്സ്ബുക്ക് വഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

യുവ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച്‌ പുനരാലോചന നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്മീഷന്‍ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണം സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇത്തരം സ്വാധീനങ്ങളിലൂടെ കഴിഞ്ഞേക്കാം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുമെന്നും റാവത്ത് വ്യക്തമാക്കി.

വോട്ടര്‍മാരെ വോട്ടെടുപ്പില്‍ പങ്കാളിയാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്കായി കഴിഞ്ഞ വര്‍ഷം മൂന്നു തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് വോട്ടര്‍മാര്‍ക്ക് ഉപയോക്താക്കള്‍ക്ക് വോട്ടിങ് ഓര്‍മിപ്പിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു.

ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച്‌ ഇടപാടുകാര്‍ക്ക് നല്‍കിയെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഡേറ്റാ വിശകലന കമ്ബനിയായ ‘കേംബ്രിജ് അനലറ്റിക്ക’ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ ഇവര്‍ ‘ഇടപെടുന്നു’വെന്ന ആരോപണം ബ്രിട്ടനിലും യു.എസ്സിലും ഉണ്ടായി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ ‘കേംബ്രിജ് അനലറ്റിക്ക’ സഹായിച്ചിരുന്നുവെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *