തിയേറ്റര്‍ സമരത്തിനിടയിലും; ആദ്യദിനം മുപ്പത്തിരണ്ടു കോടി നേടി വിജയിയുടെ മെര്‍സല്‍

വിജയിയെ നായകനാക്കി ആറ്റ്‌ലി ഒരുക്കിയ മെര്‍സലിന് മികച്ച പ്രതികരണമെന്നാണ് ബോക്‌സ് ഓഫീസിലെ ആദ്യദിന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മെര്‍സല്‍ മാറുമെന്നാണ് കരുതുന്നത്. സിനിമ ആദ്യദിനത്തില്‍ നേടിയത് 32 കോടി രൂപയാണ്. ലോകമെങ്ങുമായി 3500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം മെര്‍സല്‍ ആദ്യദിനം സ്വന്തമാക്കിയത് 19 കോടി രൂപയാണ്. ബാഹുബലിയുടെ കഥാകാരനായ കെ വി വിജയേന്ദ്രപ്രസാദാണ് മെര്‍സലിന്റെയും തിരക്കഥ ഒരുക്കിയത്. എസ് ജെ സൂര്യ വില്ലനാകുന്ന മെര്‍സലില്‍ നിത്യാ മേനോന്‍, കാജല്‍ അഗര്‍വാള്‍, സാമന്ത എന്നിവരാണ് നായികമാര്‍.
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തില്‍ മൂന്ന് റോളുകളിലാണ് വിജയ് എത്തുന്നത്. തമിഴ്‌നാട്ടില്‍ 25 ശതമാനം നികുതി കൂടിയതും, ഇതിനെതിരെ ഒരു വിഭാഗം തിയ്യേറ്റര്‍ ഉടമകളുടെ സമരം തുടരുന്നതും ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍. വിസ്മയിപ്പിക്കുന്നത് എന്നാണ് മെര്‍സല്‍ എന്ന തമിഴ് വാക്കിനര്‍ത്ഥം. മൂന്ന് ഗെറ്റപ്പുകളിലെത്തിയ ഇളയ ദളപതി അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. തലസ്ഥാനത്ത് എട്ടിടങ്ങളിലാണ് പ്രദര്‍ശനമുള്ളത്.
ലോകോത്തര ജാലവിദ്യക്കാര്‍ക്കു കീഴില്‍ അഭ്യസിച്ചാണ് ചിത്രത്തിലെ വിജയിയുടെ മാന്ത്രിക പ്രകടനങ്ങള്‍. നിര്‍മാണ ചിലവ് 130 കോടി. ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് മെര്‍സല്‍ തിയ്യേറ്ററുകളിലെത്തുന്നത്. ആറ്റ്ലിയുടെ സംവിധാനം. എ. ആര്‍ റഹ്മാന്റെ സംഗീതം. മസാല ചേരുവകള്‍ക്കപ്പുറം, ജെല്ലിക്കെട്ടും തമിഴ് സംസ്‌കാരവും ഒക്കെ ഇഴചേരുന്ന ചിത്രം തന്റെ രാഷ്ട്രീയപ്രവേശന ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുമെന്നായിരുന്നു വിജയ്യുടെ പ്രഖ്യാപനം. എന്തായാലും ചിത്രത്തോടെ വിജയ്യുടെ രാഷ്ട്രീയ പ്രവേശനമെന്ന വിഷയത്തിലെ ആരാധകരുടെ ആകാംഷ കൂടിയിട്ടുണ്ട്. പുറത്തിറങ്ങി നിമിഷങ്ങള്‍ കൊണ്ട് തരംഗമായ ടീസര്‍ പോലെ ചിത്രവും ആരാധകരുടെ മനസ്സ് കീഴടക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *