വി എസ് അച്യുതാനന്ദന് ഇന്ന് 94-ാം പിറന്നാള്‍


ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 94-ാം പിറന്നാള്‍. ആഘോഷങ്ങളോട് പൊതുവെ മുഖം തിരിക്കുന്ന വി എസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായാണ് പിറന്നാള്‍ ആഘോഷിക്കുന്നത്.


ആശംസകള്‍ അറിയിച്ചെത്തുന്നവര്‍ക്ക് ഭാര്യ വസുമതി തയ്യാറാക്കുന്ന പായസം നല്‍കുന്നത് പതിവാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ലഘു സദ്യ. പതിവു രീതിയില്‍ തന്നെയാകും ഇത്തവണയും വി എസിന്റെ പിറന്നാള്‍ ‘ആഘോഷങ്ങള്‍’.


1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ പുന്നപ്രയിലാണ് വി എസിന്റെ ജനനം. കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വി എസിനെ വിലയിരുത്തപ്പെടുന്നു. ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചു.



Sharing is Caring