തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്കുതലത്തിലുള്ള വിതരണ-സ്വീകരണകേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണകേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും. അതത് തലത്തിലെ വരണാധികാരികള്‍ മാത്രമാണ് പോസ്റ്റല്‍ വോട്ട് എണ്ണുക. ഒരു ഗ്രാമപഞ്ചായത്തിന്റെ കൗണ്ടിങ് ഹാളില്‍ എത്ര വോട്ടെണ്ണല്‍ മേശകള്‍ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാര്‍ഡുകളിലെ കണ്ട്രോള് യൂണിറ്റുകള്‍ ആദ്യം സ്ട്രോങ്റൂമില്‍നിന്ന് ഏറ്റുവാങ്ങി വോട്ടെണ്ണും. ഒന്നാം വാര്‍ഡുമുതല്‍ എന്ന ക്രമത്തിലാകും ഇത്. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തെരഞ്ഞെടുപ്പുകമീഷനെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കാന്‍ ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേകം കൗണ്ടിങ് ഹാളുകള്‍/മുറികള്‍ സജ്ജീകരിക്കും. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാകും സജ്ജീകരിക്കുക. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിങ് ടേബിളുകള്‍ ഉണ്ടാകും. ഓരോ പഞ്ചായത്തിന്റെയും കൗണ്ടിങ് ഹാളില്‍ വരണാധികാരിക്കുള്ള വേദിയും ടാബുലേഷന്‍, പാക്കിങ്, വോട്ടെണ്ണല്‍ എന്നിവയ്ക്ക് പ്രത്യേകം മേശകളും ഉണ്ടാകും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ ഫോറം 24 എയില്‍ വോട്ടെണ്ണലിന്റെ ഫലം രേഖപ്പെടുത്തുകയും ട്രെന്‍ഡില്‍നിന്നു ലഭിക്കുന്ന ഫോറങ്ങള്‍ പൂരിപ്പിച്ച് ഒപ്പുരേഖപ്പെടുത്തുകയും ചെയ്യും. തുടര്‍ന്ന് പൂരിപ്പിച്ച ട്രെന്‍ഡിലെ ഫോറങ്ങള്‍/ഫോറം 24എയുടെ ഭാഗം 2ന്റെ ഡ്യൂപ്ലിക്കറ്റ് ഇതിലേക്ക് നിയോഗിച്ച ജീവനക്കാരന് മുഖേന ഡാറ്റാ അപ് ലോഡിങ് സെന്ററില്‍ ലഭ്യമാക്കും. പഞ്ചായത്ത് വരണാധികാരി പഞ്ചായത്തിന്റെ 24 എ ഫോറത്തില്‍ ഒപ്പുരേഖപ്പെടുത്തി ഫോറം 25ലെ റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ 24എ ഫോറങ്ങള്‍ ഉടന്‍തന്നെ ബ്ലോക്ക് വരണാധികാരിക്ക് ലഭ്യമാക്കും.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫോറം 25ലെ റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കുന്ന മുറയ്ക്ക് ഓരോ പഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം വരണാധികാരി നടത്തും. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, വിവിധ പഞ്ചായത്ത് കൗണ്ടിങ് മേശകളില്നിന്നു ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ബ്ലോക്ക് വാര്‍ഡിലെയും വോട്ടുകള്‍ ക്രമീകരിച്ച് ബ്ലോക്ക് വാര്‍ഡുകളുടെ ഫലപ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകണക്കുകളുടെ ഫോറങ്ങള്‍ ശേഖരിച്ച് ബ്ലോക്ക് വരണാധികാരി കഴിയുന്നതുംവേഗം പ്രത്യേക ദൂതന് മുഖേന ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് ലഭ്യമാക്കണമെന്ന് തെരഞ്ഞെടുപ്പുകമീഷന് അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പുകമീഷനു വേണ്ടി ബിഎസ്എന്‍എല്‍ ആണ് സംസ്ഥാനമൊട്ടാകെയുള്ള 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നത്.












