ഡൗണ്‍ ഫ്രാങ്കോ’ ക്യാമ്പയിനുമായി മലയാളികള്‍; പ്രതിഷേധം വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പ്രതിഷേധം. ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ‘ഡൗണ്‍ ഫ്രാങ്കോ’ ക്യാമ്പയിന്‍. ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യം. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് പേജില്‍ കമന്റുകള്‍ ഇടുന്നത്.

ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ നീതി കിട്ടാൻ വത്തിക്കാന്റെ ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കന്യാസ്ത്രീ ഏഴുപേജുള്ള കത്തെഴുതിയിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കാണു പരാതിക്കാരിയായ കന്യാസ്ത്രീ കത്തെഴുതിയത്.

പരാതി പിൻവലിക്കുന്നതിനു 10 ഏക്കർ സ്ഥലവും കാഞ്ഞിരപ്പള്ളിയിൽ കോൺവന്റും വൈദികൻ മുഖേന വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങളും കത്തിലുണ്ട്. പണവും അധികാരവും ഉപയോഗിച്ചു തനിക്കെതിരായ പരാതി അട്ടിമറിക്കാൻ ബിഷപ് ശ്രമിച്ചു. അധികാരമുള്ള ഒരുപാടുപേരുടെ സമ്മർദങ്ങൾക്കിടയിൽ കേസ് പൊലീസ് ശരിയാംവണ്ണം അന്വേഷിക്കുന്നില്ല. കർദിനാൾ മാ‌ർ ജോർജ് ആലഞ്ചേരിയെ അടക്കം നേരിട്ടു കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. പരാതിയിൽ സഭാ അധികൃതർ നിഷ്ക്രിയത്വം കാട്ടിയെന്നും ആരോപണമുണ്ട്.

സഭ ബിഷപ്പുമാരെയും വൈദികരെയും കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും കന്യാസ്ത്രീകൾക്കും സ്ത്രീകൾക്കും നീതി ലഭ്യമാക്കാൻ കാനോനിക നിയമത്തിൽ എന്തെങ്കിലും വ്യവസ്ഥകളുണ്ടോയെന്നും കന്യാസ്ത്രീ ചോദിക്കുന്നു. സഭ ഇക്കാര്യത്തിൽ വിഭാഗീയത കാട്ടുന്നതിന്റെ ഉദാഹരണങ്ങളും കത്തിലുണ്ട്. ബിഷപ്പിനെതിരായ പരാതി വ്യക്തമാക്കി നേരത്തെ ദിക്വാത്രോയ്ക്കു നൽകിയ കത്തിനു മറുപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.

വ്യാജതെളിവുകളുണ്ടാക്കി ബന്ധുക്കൾ വഴിയും മറ്റും തനിക്കെതിരെ പരാതികൊടുക്കാനാണു ബിഷപ്പ് ശ്രമിക്കുന്നത്. തുടക്കം മുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, പരാതിപ്പെട്ടശേഷം നേരിട്ട മാനസിക സംഘർഷം എന്നിവയെക്കുറിച്ചെല്ലാം കത്തിൽ വിശദമാക്കിയിട്ടുണ്ട്. നിശ്ശബ്ദത പാലിക്കുകയും കുറ്റം ചെയ്തയാളെ സംരക്ഷിക്കുകയും ചെയ്യുന്ന സഭാധികൃതരുടെ നടപടി സമൂഹത്തിനു മുന്നിൽ സഭയുടെ വിശ്വാസ്യത തകർക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *