ഡീസല്‍ ക്ഷാമം: ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

തൃശൂര്‍: ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ഡീസല്‍ ക്ഷാമം മൂലമാണ് സര്‍വീസുകള്‍ കുറച്ചത്.

ഇന്ധനക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ 25 ശതമാനത്തോളം സർവീസുകളാണ് വെട്ടിക്കുറച്ചത്. 188കോടി കുടിശികയായയോടെ എണ്ണക്കമ്പനി ഇന്ധനവിതരണം ചുരുക്കിയതാണ് നിലവിലെ ക്ഷാമത്തിന് കാരണം. ഇന്ധനക്ഷാമം ഏറെ ബാധിക്കുന്നത് മലബാർ മേഖലയെയാണ്. ശമ്പളവും ബോണസും ഇന്ധനവിഹിതവുമടക്കം 95കോടി കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് 20കോടിയാണ്. 10കോടി രൂപ കൂടി പുറത്ത് നിന്ന് കണ്ടെത്തിയാണ് ഓണത്തിന് മുമ്പ് ശമ്പളം നൽകിയതെന്ന് അധികൃതർ പറയുന്നു. പ്രളയത്തെ തുടർന്ന് ദീർഘദൂര സർവീസുകളടക്കം നിര്‍ത്തിവെക്കേണ്ടി വന്നതിനാൽ സീസണിൽ പ്രതീക്ഷിച്ച കളക്ഷനും കിട്ടിയില്ല. ഈ സാഹചര്യത്തിൽ 25 ശതമാനം സർവീസുകൾ നിര്‍ത്തേണ്ടിവരുമെന്ന് കെഎസ്ആർടിസി എം.ഡി ടോമിൻ ജെ. തച്ചങ്കരി സർക്കാരിനെ അറിയിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.

ഒരു ദിവസത്തെ മുഴുവൻ സർവീസുകളും നടത്താൻ 3.5കോടിയുടെ ഇന്ധനം വേണം. ഒരു ലിറ്റർ ഡീസൽ വിലയിൽ 24.52 ശതമാനമാണ് കെഎസ്ആർടിസിയിൽ നിന്ന് നികുതിയിനത്തിൽ ഈടാക്കുന്നത്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിനും 5 ശതമാനം മാത്രമായി ഇന്ധന നികുതി പരിമിതപ്പെടുത്തുമ്പോഴാണ് കെഎസ്ആർടിസിയിൽ നിന്ന് ഉയർന്ന നിരക്കിൽ നികുതി പിഴിയൽ. ഇന്ധനനികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിന് കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *