ഡല്‍ഹി മലിനീകരണം: പ്രശ്‌നം അവഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി; ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കും

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി വേണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രിം കോടതി ഉടന്‍ വാദം കേള്‍ക്കും. പ്രശ്‌നം അവഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലെ വയലുകളില്‍ തീകത്തിക്കുന്നതിനെതിരെ സ്ഥിരമായ മുന്‍കരുതല്‍ നടപടികള്‍ വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മാറ്റമില്ലാതെ രൂക്ഷമായി തുടരുകയാണ്. പുകമഞ്ഞു മൂടി നില്‍ക്കുന്നതിനെ തുടര്‍ന്ന് 69 ട്രെയിനുകളാണു വൈകിയോടുന്നതെന്നു വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 22 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിരിക്കുകയാണ്. എട്ടു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഒരാഴ്ചയായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളും അധ്യാപകരും മുഖാവരണം ധരിച്ചാണ് എത്തുന്നത്.

അതേസമയം, ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹരജി നല്‍കും. ഇന്നു മുതല്‍ 17 വരെ ഇത്തരത്തില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമാണു സംസ്ഥാനം നടത്തിയത്. വനിതകള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇരുചക്രയാത്രക്കാര്‍ക്കും നിയന്ത്രണത്തില്‍ ഇളവു കൊണ്ടുവരാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *