ട്രംപും ന്യൂയോര്‍ക്ക് ടൈംസും നേര്‍ക്കുനേര്‍; ഏറ്റുമുട്ടല്‍ ‘രഹസ്യ’ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ


ന്യൂയോര്‍ക്ക് ടൈംസ് പ്രസാധകന്‍ എജി സുള്‍സ്ബര്‍ഗറും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധം ചര്‍ച്ചയാകുന്നു. വൈറ്റ് ഹൗസില്‍ ഇരുവരും സ്വകാര്യ ചര്‍ച്ച നടത്തിയതിനു ശേഷം ട്രംപ് ഒരു ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. സുള്‍സ്ബര്‍ഗറുമായി താന്‍ വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നത് വിഷയമായെന്നും മാധ്യമങ്ങളുടെ ഈ പ്രവണത ‘ജനശത്രു’ എന്ന പ്രയോഗത്തിന് വഴിവെച്ചെന്നും ഇത് ദു:ഖകരമാണെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.


ട്രംപുമായുള്ള നടത്തിയത് ‘രഹസ്യ ചര്‍ച്ച’യായിരുന്നെന്നും എന്നാല്‍ അദ്ദേഹം തന്നെ പ്രസ്തുത രഹസ്യാത്മകത ഇല്ലാതാക്കിയ സ്ഥിതിക്ക് തനിക്കു വിശദീകരണമുണ്ടെന്നും ചൂണ്ടിക്കാട്ടി സുള്‍സ്ബര്‍ഗര്‍‌‍ ഒരു പ്രസ്താവനയിറക്കി. ജൂലൈ 20ന് വൈറ്റ് ഹൗസിന്റെ അപേക്ഷ പ്രകാരം നടന്ന ചര്‍ച്ചയില്‍ ട്രംപിന്റെ ഈ നിലപാട് അങ്ങേയറ്റം അപകടകരമാണെന്നും വിഘടനപരമാണെന്നും താന്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് പ്രസാധകന്‍ പറഞ്ഞു. തന്റെ കൂടെ എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ജേംസ് ബെന്നെറ്റ് ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.


മാധ്യമപ്രവര്‍ത്തകരെ ജനശത്രുക്കളായി ചിത്രീകരിക്കുന്നതിന്റെ അപകടം താന്‍ പ്രസിഡന്റിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം മോശം ഭാഷ തുടരുന്നത് അപകടകരമാണെന്നും അദ്ദേഹത്തോട് പറഞ്ഞതായും സുള്‍സ്ബര്‍ഗര്‍ വ്യക്തമാക്കി.

തന്റെ ഭരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ പരാതികളുണ്ടെങ്കില്‍ അത് ലോകത്തോട് വിളിച്ചു പറയാന്‍ ട്രംപിന് അവകാശമുണ്ടെന്നും എന്നാല്‍ അത് മാധ്യമപ്രവര്‍ത്തനത്തെ ആക്രമിച്ചു കൊണ്ടാകുന്നത് തെറ്റാണെന്നും പ്രസിഡന്റിനെ ബോധ്യപ്പെടുത്താന്‍ താന്‍ ശ്രമിച്ചെന്നും പ്രസ്താവനയില്‍ സുള്‍സ്ബര്‍ഗര്‍ വിശദീകരിച്ചു.

ഇതിനോട് കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ആദ്യത്തെ ട്വീറ്റില്‍ സുള്‍സ്ബര്‍ഗറുമായുള്ള കൂടിക്കാഴ്ചയെ നല്ലതെന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ പ്രസ്താവന വന്നതോടെ ഭാഷ മാറ്റി. മഹത്തായ ഈ രാജ്യത്തെ വിറ്റഴിക്കാന്‍, ചത്തുകൊണ്ടിരിക്കുന്ന ന്യൂസ്‌പേപ്പര്‍ വ്യവസായത്തിലെ ട്രംപ് വിരോധികളെ താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.



Sharing is Caring