ഇടുക്കിയിൽ ജലനിരപ്പ്‌ 2395.28 അടി ; ജാഗ്രതാ നിർദ്ദേശം പാലിക്കുക, മുന്നൊരുക്കങ്ങളുമായി അധികൃതർ


ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമയുർന്ന്‌ 2395.28 അടിയിലെത്തി.ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാൽ നീരൊഴുക്കും കൂടുതലാണ്‌. ഇന്നലെ ജലനിരപ്പ്‌ 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ഓറഞ്ച്‌ അലർട്ടിന്‌ പിന്നാലെ ഇടുക്കിയിൽ സുരക്ഷ ശക്‌തമാക്കി. അതോടൊപ്പം ഇടമലയാൽ ഡാമിൽ ജലനിരപ്പ്‌ 166.53 മീറ്റായി. പരമാവധി സംഭരണശേഷി 169 മീറ്ററാണ്‌.


ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ ചൊവ്വാഴ്ച നടക്കും. ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റീമിറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍. പരീക്ഷണ തുറക്കലില്‍ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്താനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കും.


ജലനിരപ്പ് 2400 അടിയിലെത്താന്‍ നോക്കാതെ 2397 അടിയെത്തുമ്പോള്‍ ചെറുതോണി ഷട്ടര്‍ തുറക്കാനാണ് ആലോചന. അങ്ങനെവന്നാല്‍ ചൊവ്വാഴ്ച തുറക്കും. സംഭരണ ശേഷിയുടെ 90 ശതമാനം ജലനിരപ്പിലിപ്പോള്‍ ഡാം എത്തിച്ചേര്‍ന്നിട്ടുണ്ട്. 2403 അടിയാണ് ഡാമിന്റെ സംഭരണശേഷി. ഡാം തുറന്നാല്‍ ചെറുതോണി ടൗണ്‍ മുതല്‍ ആലുവ വരെ പെരിയാറില്‍ 90 കിലോമീറ്റിലാണ് വെള്ളമൊഴുകുക.

ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ഇടുക്കി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. മുന്നൊരുക്കമായി സമീപത്തെ 12 പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

ഡാം തുറക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായശ്രമത്തിലൂടെ അടിയന്തര സാഹചര്യങ്ങളെ നേരിടണമെന്നും പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ഇടുക്കി തുറന്നാല്‍ ജലം ഒഴുകുന്ന അഞ്ച് പഞ്ചായത്തുകളില്‍ യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കും. ഈ മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടെ 400 ഓളം കെട്ടിടങ്ങളുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വീടുകളില്‍ നേരിട്ടെത്തി നോട്ടീസ് നല്‍കും. ഡാം തുറക്കുന്നത് കാണാനായി ജില്ലയിലേക്ക് നിരവധി ആളുകള്‍ എത്തുന്നതിനാല്‍ അത്തരം സാഹചര്യത്തില്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും.

ഇതിനിടെ വെള്ളം സുഗമമായി ഒഴുകുന്നതിനാവശ്യമായ മുന്‍ കരുതലുകള്‍ തുടങ്ങി. ചെറുതോണി പെരിയാര്‍ തീരങ്ങളിലെ തടസ്സങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. മലയോര മേഖലകളില്‍ മഴ വീണ്ടും കനത്തതിനാല്‍ പരമാവധി വൈദ്യുതോല്‍പാദനം നടത്തിയിട്ടും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം 91.20 മി.മീറ്റര്‍ മഴയാണ് പെയ്തത്. മൂലമറ്റത്ത് അഞ്ച് ജനറേറ്ററുകളിലൂടെ 14.50 ദശലക്ഷം യൂണിറ്റാണ് വൈദ്യുതോല്‍പാദനം.



Sharing is Caring