ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം


പ്രപഞ്ചനാഥനെ പ്രകീര്‍ത്തനം ചെയ്ത് സമര്‍പ്പിത മനസുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകര്‍ നാളെ പുണ്യഭൂമിയിലേക്ക് പ്രയാണം ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ ഹജ്ജ് കര്‍മത്തിനായി പോകുന്നവര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കമാകും. ആദ്യസംഘത്തിലുള്ള തീര്‍ഥാടകര്‍ ഇന്ന് രാവിലെ മുതല്‍ നെടുമ്പാശ്ശേരിയിലേക്ക് എത്തിത്തുടങ്ങും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും ആദ്യസംഘത്തിന്റെ രജിസ്‌ട്രേഷന്‍. വിമാനത്താവളത്തിനോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനാകും. ജനപ്രതിനിധികളും പണ്ഡിതന്മാരും വിവിധ സംഘടനാ പ്രതിനിധികളും ഉദ്ഘാടനത്തില്‍ പങ്കാളികളാകും.
ഓഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ 29 വിമാനങ്ങളിലായി 12,045 തീര്‍ഥാടകരാണ് കൊച്ചി വഴി മക്കയിലേക്ക് പുറപ്പെടുന്നത്. ആദ്യവിമാനം നാളെ പുലര്‍ച്ചെ 1.55ന് പുറപ്പെടും. ആദ്യസംഘത്തില്‍ 410 പേരാണുള്ളത്. ആദ്യവിമാനത്തിന്റെ ഫഌഗ് ഓഫ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. നാളെ വൈകിട്ട് 4.55നുള്ള രണ്ടാമത്തെ വിമാനത്തില്‍ 410 പേര്‍ കൂടി യാത്ര തിരിക്കും. കേരളത്തില്‍ നിന്നുള്ള 11,722 തീര്‍ഥാടകരില്‍ 6,599 പേരും സ്ത്രീകളാണ്. രണ്ട് വയസില്‍ താഴെയുള്ള 25 കുട്ടികളും തീര്‍ഥാടക സംഘത്തിലുണ്ട്. കൂടാതെ ലക്ഷദ്വീപില്‍ നിന്നുള്ള 476 പേരും കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നിന്നുള്ള 47 തീര്‍ഥാടകരും കൊച്ചിയിലെ ഹജ്ജ് ക്യാംപ് വഴിയാണ് പുണ്യഭൂമിയിലേക്ക് തിരിക്കുന്നത്. ഇവര്‍ക്കൊപ്പം മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 58 വളന്റിയര്‍മാരും സേനവ സന്നദ്ധരായി തീര്‍ഥാടകരെ അനുഗമിക്കും.
ഒന്‍പതാം തിയതി നാല് വിമാനങ്ങളിലും 11, 12 തിയതികളില്‍ മൂന്ന് വിമാനങ്ങളിലുമായി തീര്‍ഥാടകര്‍ പുറപ്പെടും. മറ്റ് ആറ് ദിവസങ്ങളില്‍ രണ്ട് വീതവും ഏഴ് ദിവസങ്ങളില്‍ ഓരോ വിമാനങ്ങളുമാണ് സഊദി എയര്‍ലൈന്‍സ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 29 വിമാനങ്ങളാണ് സര്‍വിസ് നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ അനുമതി ലഭിച്ച 155 പേര്‍ക്കുകൂടി അധികമായി യാത്രാ സൗകര്യം ഒരുക്കേണ്ടി വരും. കൂടാതെ വെയിറ്റിങ് ലിസ്റ്റില്‍നിന്ന് അവസരം ലഭിക്കുന്നവരെ ഉള്‍പ്പെടുത്തി ഒരു സര്‍വിസ് കൂടി അധികമായി അനുവദിക്കാനാണ് സാധ്യതയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.




Sharing is Caring