ടോംസ് എന്‍ജിനീയറിങ് കോളജിനെതിരേ വിജിലന്‍സ് അന്വേഷണം


കോട്ടയം മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിങ് കോളജിനെതിരേ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.


കോളജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സാങ്കേതിക സര്‍വകലാശാല ശുപാര്‍ശ ചെയ്തിരുന്നു. കോളജിലെ പരിശോധനയുടെ അടിസ്ഥാനത്തിലും വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഗണിച്ചുമാണ് ശുപാര്‍ശ. കോളജ് പ്രവര്‍ത്തിക്കുന്നത് മോശം സാഹചര്യത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കോളജിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലെന്നാണു തെളിവെടുപ്പിന് ശേഷം സര്‍വകലാശാല അധികൃതരുടെ വിലയിരുത്തല്‍.


റജിസ്ട്രാറുടെ തെളിവെടുപ്പില്‍ ടോംസ് കോളജ് ചെയര്‍മാന്‍ തെറ്റ് ഏറ്റുപറഞ്ഞിരുന്നു. ടോംസ് കോളജ് മാനേജ്‌മെന്റിനെതിരേ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടപ്പരാതി ഉയര്‍ന്നതിനാലാണ് സാങ്കേതിക സര്‍വകലാശാല റജിസ്ട്രാര്‍ പത്മകുമാറിന്റെ നേതൃത്വത്തില്‍ കോളജില്‍ തെളിവെടുപ്പ് നടത്തിയത്. കോളജിന് വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്നു റിപ്പോര്‍ട്ടിലുണ്ട്.

10 ഏക്കര്‍ സ്ഥലം വേണ്ടിടത്ത് വെറും 50 സെന്റിലെ മൂന്നുനില കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തനം. പ്രിന്‍സിപ്പലിന് പോലും സ്വന്തമായി മുറിയില്ല. ഹോസ്റ്റലില്‍ വാര്‍ഡനില്ല.

ചെയര്‍മാന്‍ ടോമില്‍നിന്ന് മോശമായ പെരുമാറ്റവും പദപ്രയോഗവും ഉണ്ടായെന്ന് ഒരേ സ്വരത്തില്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കി.

കോളജില്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് റിസപ്ഷനിസ്റ്റ് ജോലി ചെയ്യിപ്പിച്ചതായി വയനാട് സ്വദേശികളായ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്കു പരാതി നല്‍കിയിരുന്നു.



Sharing is Caring