ഞാന്‍ അവര്‍ക്കൊപ്പം, ദിലീപിനെ പുറത്താക്കാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല-പൃഥിരാജ്‌

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഒരു ഇംഗ്ലീഷ് മാസികയ്ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

പൃഥ്വിരാജിന്റെ പ്രതികരണം

രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും നന്നായി മനസ്സിലാക്കിയ ആളാണ് ഞാന്‍. അവര്‍ അമ്മയില്‍ നിന്ന് എന്തുകൊണ്ടാണ് രാജിവെച്ചതെന്നും അറിയാം. അവരുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു, ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അവരെ വിമര്‍ശിക്കുന്നവരും ഉണ്ടായിരിക്കാം. എന്നാല്‍ തെറ്റും ശരിയും എന്നത് അവരവരുടെ കാഴ്ചപ്പാട് മാത്രമാണ്.

പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ അതാത് ഇടങ്ങളില്‍ പറയേണ്ട സമയത്ത് പറഞ്ഞിരിക്കും. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് അമ്മയുടെ മീറ്റിങില്‍ പങ്കെടുക്കാതിരുന്നത്. പിന്നെ എന്റെ സമ്മര്‍ദ്ദം മൂലമല്ല ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച്‌ തീരുമാനിച്ചതിന് ശേഷമാണ്.

മലയാളസിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സംഘടനയാണ് അമ്മ. അമ്മയുടെ അംഗമാണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ല. ഒരുപാട് നടന്മാരെയും നടിമാരെയും അമ്മ സഹായിച്ചിട്ടുണ്ട്.

ദിലീപിനൊപ്പം അഭിനയിക്കാന്‍ ഇതുവരെ എന്നെയാരും ക്ഷണിച്ചിട്ടില്ല, ഇനി അങ്ങനെയൊരു അവസരം ഉണ്ടായാല്‍ ആലോചിച്ച്‌ തീരുമാനിക്കും.

സുഹൃത്ത് ആക്രമിക്കപ്പെട്ടത് എന്റെ ജീവിതത്തില്‍ ഏറ്റവും സങ്കടകരമായ സംഭവമാണ്. ഇപ്പോഴും ആ വേദനയില്‍ നിന്ന് ഞാന്‍ മുക്തനായിട്ടില്ല. അവരുടെ ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു- പൃഥ്വിരാജ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *