ഞാന്‍ അന്ന് മരിച്ചു പോയിരുന്നേല്‍ എന്റെ മോന്‍ ഒരു കാഴ്ചക്കാരനാകുമായിരുന്നു; നിര്‍മല്‍ പാലാഴി

മക്കളെക്കുറിച്ച് നടൻ നിർമൽ പാലാഴി ഫെയ്സ്ബുക്കിൽ പങ്കുവയ്ച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മക്കളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യം. അവർക്ക് ചെറുതായി എന്തെങ്കിലും പറ്റിയാൽ പോലും തനിക്ക് താങ്ങാനാവില്ലെന്നും നിർമൽ പോസ്റ്റിൽ പറയുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോഴും മരണം സംഭവിക്കാതെ തിരിച്ചു വന്നപ്പോഴും ഓർത്തത് മകനെ കുറിച്ചായിരുന്നുവെന്ന് നിർമൽ പാലാഴി പറയുന്നു.

നിർമൽ പാലാഴിയുട കുറിപ്പ് വായിക്കാം

മക്കൾ…കാറിൽ എന്തേലും തിരക്കിട്ട യാത്രയിൽ പോവുമ്പോൾ, കുറുകെ ഒരു പട്ടികുഞ്ഞോ പൂച്ചകുഞ്ഞോ പോയാൽ വണ്ടി നിർത്തി അവർ പോവുന്ന വരേ നോക്കി നിൽക്കും. കാരണം നമ്മുടെ കുഞ്ഞുങ്ങൾ പിച്ചവച്ചു പോവുന്നപോലെ തോന്നും അതുകണ്ടാൽ.

മോൻ നഴ്സറിയിൽ പഠിക്കുമ്പോൾ അവനെ മാന്തിയതിന്റെ പേരിൽ അത് ചോദിക്കാൻ പോയിട്ടുണ്ട്. ഭാര്യവീട്ടിൽ കുഞ്ഞുങ്ങൾ കളിക്കുമ്പോൾ അറിയാതെ പറ്റിപോയ ചെറിയ പരുക്കുകൾക്ക് ഭയങ്കര പ്രശ്നക്കാരൻ ആയിട്ടുണ്ട്. പത്രത്തിൽ വായിക്കുന്ന റാഗിങ് ന്യൂസ്കൾ വായിച്ചു എൽകെജി പഠിക്കുന്ന മോനെ ഓർത്ത് ടെൻഷൻ അടിച്ച് ഭ്രാന്തായിട്ടുണ്ട്.

അപകടം പറ്റിയപ്പോൾ മരണം സംഭവിക്കാതെ തിരിച്ചു വന്നപ്പോൾ ഓർത്തതും മകനെ കുറിച്ചായിരുന്നു. അഥവാ ഞാൻ അന്ന് മരിച്ചു പോയിരുന്നേൽ എന്റെ മോൻ ഒരു കാഴ്ചക്കാരൻ ആയി നോൽക്കേണ്ടി വരില്ലായിരുന്നോ.. അവന്റെ അച്ഛന്റെ യാത്ര, മറ്റുള്ള കുട്ടികൾക്ക് അച്ഛന്മാർ സ്നേഹപൂർവം വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങൾ, മുട്ടായികൾ, കുപ്പായങ്ങൾ,പുസ്തകങ്ങൾ…അങ്ങനെ അങ്ങനെ എല്ലാം ഒരു അച്ഛനോട് പറയുന്ന സ്വാതന്ത്ര്യത്തിൽ ആരോട് പറയുവാൻ കഴിയും.

ഒരുപക്ഷേ ഭാര്യയ്ക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം കൊണ്ടോ അവർക്ക് വേറെ ഒരു ജീവിതം വേണം എന്ന ആഗ്രഹം കൊണ്ടോ വേറെ ഒരു വിവാഹം കഴിക്കാം. പക്ഷേ നമ്മളെ മക്കളെ നമ്മൾ നോക്കുമ്പോലെ വേറെ ഒരാൾക്കും സ്നേഹിക്കാൻ കഴിയില്ല.

മറ്റ് എന്തിനേക്കാൾ തകർന്നു പോയിട്ടുണ്ട് പല വാർത്തകളും കേൾക്കുമ്പോൾ. തൊടുപുഴയിലെ അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ രഹസ്യ കാമുകന്റെ പീഡനം കൊണ്ടു മരിച്ച ആ കുഞ്ഞു മോൻ, കാമുകന്റെ കൂടെ ജീവിക്കുവാൻ ഉള്ള ആഗ്രഹം കൊണ്ട് കടൽ ഭിത്തിയിൽ ഒരു ജീവൻ ഒടുങ്ങിയ കുഞ്ഞു മോൾ…അങ്ങനെ അങ്ങനെ നമ്മുടെ കേരളത്തിലും പുറത്തും ആയി എത്രയെത്ര കുഞ്ഞുങ്ങൾ.
ഞാൻ ഉൾപ്പെടെ എന്റെ കുട്ടികാലത്ത് ജീവിച്ചവർ ഒരു മുട്ടായിക്കു വേണ്ടി കൊതിച്ചിട്ടുണ്ട്, അടുത്ത വീട്ടിലെ കുട്ടികൾ ഇടുന്ന വിലകൂടിയ നല്ല മണമുള്ള കുപ്പായത്തിന് കൊതിച്ചിട്ടുണ്ട്, കളിപാട്ടങ്ങൾക്ക് കൊതിച്ചിട്ടുണ്ട്, കുടുംബക്കാർ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്. കുടുക്ക് ഇല്ലാത്ത ട്രൗസർ കുടുക്ക് ഇടുന്ന ആ ഓട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്കൂളിൽ പോയിട്ടുണ്ട്, സ്കൂളിലെ കഞ്ഞിയും ചെറുപയറും പള്ളനിറച്ചും കഴിച്ചിട്ടുണ്ട്, സ്കൂൾ വിട്ട് വരുമ്പോൾ ചായപീടികയിലെ ഉള്ളിവട ഉണ്ടാക്കുന്ന മണം വായേൽ വെള്ളം നിറയ്ക്കുക അല്ലാതെ വാങ്ങാൻ 1 രൂപ ഇല്ലാതെ വീട്ടിൽ പോയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *