ജോളി ജോസഫിന്റെ ആത്മഹത്യാശ്രമക്കേസ്; കോടതി ഇന്ന് വിധി പറഞ്ഞേക്കും

കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിന്റെ ആത്മഹത്യാശ്രമക്കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജിയിന്മേലാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി പറയുക.

2020 ഫെബ്രുവരി 27ന് പുലർച്ചെ നാലിന് ജോളി കോഴിക്കോട് ജില്ലാ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് കേസ്. എന്നാൽ ആത്മഹത്യാശ്രമം നടത്തിയിട്ടില്ലെന്നാണ് ജോളിയുടെ വാദം. ജോളിക്ക് വേണ്ടി അഭിഭാഷകൻ ബി.എ. ആളൂരാണ് ഹാജരാവുക. മുൻ ഭർത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്നുവെന്ന കേസുകളിൽ വിചാരണത്തടവുകാരിയായി ജില്ലാ ജയിലിൽ തുടരുകയാണ് ജോളി.

2008ൽ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്തുക്കൾ ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് കൂടത്തായി കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഏറെനാൾ നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് കേസിലെ കൊലപാതക പരമ്പര പുറം ലോകം അറിഞ്ഞത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൻസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് കൊല്ലപ്പെട്ടത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും കൊല്ലപ്പെടുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *