അഴിമതികള്‍ നിരത്തി കെ.എസ്.ഇ.ബി ചെയര്‍മാന്‍; മന്ത്രി പറയിപ്പിച്ചതാണോ എന്ന് എം.എം മണി

വൈദ്യുതി ബോര്‍ഡില്‍ കെ.എസ്.ഇ.ബി ചെയര്‍മാനും സി.ഐ.ടി.യു സമരസമിതിയും തമ്മിലുള്ള പോര് കനക്കുന്നതിനിടെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എംഎം മണി. കോടികളുടെ ബാധ്യത കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയെന്നത് ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് ചെയര്‍മാന്‍ ബി. അശോക് ഉന്നയിച്ചത്. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ തവണ നടത്തിയതെന്ന് എം.എം മണി തിരിച്ചടിച്ചു.

എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും, മന്ത്രിക്ക് പറയാനുള്ളത് ചെയര്‍മാനെ കൊണ്ട് പറയിപ്പിച്ചത് ആണോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷം പ്രതികരണം നടത്താമെന്നും മണി പറഞ്ഞു.

അതേസമയം മുന്നാറിലെ ഭൂമി പതിച്ചതായോ മുന്‍ സര്‍ക്കാരിന്റെ കാലത്തു അഴിമതി നടന്നെന്നോ തന്റെ പോസ്റ്റില്‍ പരാമര്‍ശമില്ലെന്നും ഭൂമി പാട്ടത്തിനു നല്‍കുമ്പോള്‍, അഥവാ മൂന്നാം കക്ഷിക്ക് കൈമാറുമ്പോള്‍ ബോര്‍ഡിനുള്ളില്‍ പാലിക്കേണ്ട ഭരണ നടപടി ക്രമം പാലിച്ചില്ല എന്നതാണ് വ്യക്തമാക്കിയതെന്നും ചെയര്‍മാന്‍ പറഞ്ഞു.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് സമരസമിതി പ്രക്ഷോഭം നടത്തുന്നത്. ഇതിന് മറുപടിയായി ബി. അശോക് കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അഴിമതികള്‍ അക്കമിട്ട് നിരത്തി രംഗത്ത് വന്നതോടെയാണ് വീണ്ടും വിവാദമായത്.

ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡ് അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം ജൂനിയറായ ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വാണിജ്യ പാട്ടത്തിന് നല്‍കി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്‌തെന്ന് അദ്ദേഹം പോസ്റ്റില്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *