വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സിബിഐ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐയുടെ നടപടിയെ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. സിബിഐയുടെ നടപടി സംശയാസ്പദമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അതേസമയം ജേക്കബ് തോമസിനെ തള്ളി സിബിഐ രംഗത്തെത്തി. ജേക്കബ് തോമസിനെതിരായ സത്യവാങ്മൂലം നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് സിബിഐ വ്യക്തമാക്കി. ഡയറക്ടര്‍ക്ക് കത്തുനല്‍കിയ ജേക്കബ് തോമസിന്റെ നടപടി തെറ്റാണെന്ന് സിബിഐ അഭിപ്രായപ്പെട്ടു. കേസ് കോടതി പരിഗണിക്കവെ കത്ത് നല്‍കിയത് അനുചിതമാണെന്നും സിബിഐ ചൂണ്ടിക്കാട്ടി. കെടിഡിഎഫ്സി എംഡി ആയിരിക്കെ അവധിയെടുത്ത് കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി ജോലിചെയ്യുകയും ശമ്പളം വാങ്ങിയെന്നും പരാതിപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വാങ്ങിയ ശമ്പളം ജേക്കബ് തോമസ് പിന്നീട് തിരിച്ച് നല്‍കിയതായി നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഈ സത്യവാങ്മൂലത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.













