ജെ എന്‍ യു തെരഞ്ഞെടുപ്പ് ഫലം; ഇടത് സഖ്യം മുന്നേറുന്നു

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. രണ്ട് സ്‌കൂളുകളിലെ 10 കൗണ്‍സിലര്‍ സീറ്റുകളില്‍ എട്ടിലും ഇടത് സഖ്യം വിജയിച്ചു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൗണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. ഇടതു സഖ്യ സ്ഥാനാര്‍ഥികളായ മാരി പെഗു(302 വോട്ട്), ഐഷ് ഘോഷ് (282), സര്‍തക് ഭാട്ടിയ (250), ശശികാന്ത് ത്രിപാതി (247) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥി പ്രഹഌദ് കുമാര്‍ സിങ്ങും(239) വിജയിച്ചു. 806 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.
സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അഞ്ചില്‍ നാല് കൗണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ ബിഎഎസ്ഒ ജയിച്ചു. ഇടതു സഖ്യ സ്ഥാനാര്‍ഥികളായ അജാസ് അഹമ്മദ് റാത്തര്‍ (484 വോട്ട്), സതീഷ് ചന്ദ്രന്‍ യാദവ് (412), ശ്രയാസി ബിശ്വാസ് (477), സുധന്യ പാല്‍ (498) എന്നിവരും ബിഎഎസ്ഒ സ്ഥാനാര്‍ഥി ചേപാല്‍ ഷെര്‍പയും(552) ജയിച്ചു. 1285 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.

നജീബിന്റെ തിരോധാനവും യുജിസി വിജ്ഞാപനത്തെ തുടര്‍ന്ന് ഗവേഷണ കോഴ്‌സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും സര്‍വകലാശാലയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളും ചര്‍ച്ചയായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണഫലം ഇന്ന് രാത്രിയോടെ പുറത്തുവന്നേക്കും. ചരിത്രത്തില്‍ ആദ്യമായി എല്ലാ സംഘടനകളില്‍ നിന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പെണ്‍കുട്ടികളാണ് രംഗത്തുള്ളത്.

എസ്എഫ്‌ഐഎഐഎസ്എഡിഎസ്എഫ് സഖ്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗീതാ കുമാരി(എഐഎസ്എ), വൈസ് പ്രസിഡന്റായി സിമന്‍ സോയ ഖാന്‍ (എഐഎസ്എ), ജനറല്‍ സെക്രട്ടറിയായി ദുഗ്ഗിരാല ശ്രീകൃഷ്ണ(എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി സുഭാന്‍ഷു സിങ്ങ്(ഡിഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്. നിധി തൃപാദി(എബിവിപി), വൃഷ്ണിക(എന്‍എസ്യുഐ), അപരാജിതരാജ(എഐഎസ്എഫ്), ഷബ്‌ന അലി(ബിഎപിഎസ്എ), മുഹമ്മദ് ഫറൂഖ് ആലം(സ്വതന്ത്രന്‍), ഗൗരവ് കുമാര്‍(സ്വതന്ത്രന്‍) എന്നിവരാണ് മറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *