ജെസ്നയുടെ തിരോധാനം: പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

പത്തനംതിട്ടയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നതു തുടരുന്നു. കോട്ടക്കുന്നിലെത്തിയ പ്രത്യേക അന്വേഷണസംഘം ജസ്ന വന്നെന്നു സംശയിച്ച പാര്‍ക്കിലെ സിസിടിവി ദൃശ്യം വീണ്ടും പരിശോധിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ പാര്‍ക്കിലെത്തിയത് ജസ്നയല്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേഷ് കുമാര്‍ അറിയിച്ചു.

പതിനഞ്ചു ദിവസത്തെ ബാക്കപ് മാത്രം ഉള്ളതിനാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും തുടരുകയാണ്. പാര്‍ക്കിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കാന്‍ കൊണ്ടുപോവുകയാണെന്നും ഒപ്പം പാര്‍ക്കിനോടു ചേര്‍ന്നുള്ള കടകളില്‍ സിസിടിവി ഉണ്ടോ എന്ന കാര്യവും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജെസ്നയോടു സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി പറഞ്ഞ നാലുപേരുടെ മൊഴിയും ഇന്നലെ പോലീസ് രേഖപ്പെടുത്തി. പാര്‍ക്കിലെ മാനേജരുടെയും സെക്യൂരിറ്റിയു മൊഴിയാണ് രേഖപ്പെടുത്തിയത്. ജെസ്നയുടെ ഫോട്ടോ കാണിച്ചാണ് മൊഴി രേഖപ്പെടുത്തിയിരുന്നത്. ജെസ്നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയാണെങ്കിലും അതു ജെസ്നയല്ലെന്നാണ് ഇവര്‍ നാലുപേരും പറഞ്ഞത്. എന്നാല്‍ ഒരു സംശയത്തിനു പോലും ഇടയുണ്ടാകാതിരിക്കാനാണ് വീണ്ടും ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

കോട്ടക്കുന്നിലെ ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജെസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. മേയ് മൂന്നിനു രാവിലെ 11 മുതല്‍ രാത്രി 8 വരെ ജെസ്നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രയ്ക്കു ശേഷം എത്തിയതാണെന്ന് തോന്നിക്കും വിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെ എത്തിയതെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു.

മാര്‍ച്ച്‌ ഇരുപത്തിരണ്ടിനാണ് പത്തനംതിട്ട കൊല്ലമുള സ്വദേശി ജസ്ന മരിയ ജയിംസിനെ കാണാതായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *