ഭര്‍ത്താവിനെ വിട്ടയക്കണം: പോലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ കുത്തിയിരുപ്പ് സമരം


ഇടുക്കിയിലെ കുമളി പോലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതി കുത്തിയിരുന്ന്് പ്രതിഷേധിക്കുന്നു. കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ക്കൊപ്പം കുത്തിയിരുപ്പു സമരം നടത്തുന്നത്. അടിപിടിക്കേസില്‍ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് ജയകുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.


തന്റെ ഭര്‍ത്താവ് കുറ്റക്കാരനല്ലെന്നും അടിച്ചയാളെ കസ്റ്റഡിയില്‍ എടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ജയകുമാറും അയല്‍വാസിയായ സുബ്രഹ്മണ്യനും തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു, തടയാനെത്തിയ രാജേശ്വരിയെയും സുബ്രഹ്മണ്യന്‍ മര്‍ദ്ദിച്ചു. ശേഷം ഇരുവരും കുമളി പോലീസില്‍ എത്തി പരാതി നല്‍കിയിരുന്നുവെങ്കിലും തന്റെ ഭര്‍ത്താവിനെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും സുബ്രഹ്മണ്യനെതിരെ പരാതി നല്‍കിയെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം രാജേശ്വരി കുത്തിയിരുപ്പു സമരം നടത്താന്‍ തീരുമാനിച്ചത്.


സിപിഎം നേതാക്കളുടെ ഇടപെടല്‍ മൂലമാണ് സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്നാണ് രാജേശ്വരിയുടെ പരാതി. ജയകുമാറിനെ ഇന്നലെ തന്നെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സുബ്രഹ്മണ്യന്‍ ഒളിവിലാണെന്നും ഇയാള്‍ക്കു വേണ്ടി അന്വേഷണം നടത്തുകയാണെന്നുമാണ് പോലീസ് അറിയിച്ചത്.



Sharing is Caring