ജൂലൈ ഒന്നുമുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനു ആധാർ നിർബന്ധമാക്കി. പാൻ നമ്പരുമായി ആധാർ നമ്പർ നിർബന്ധമായും ബന്ധിപ്പിക്കണമെന്നു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. പാൻ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടൻ ഇൻകം ടാക്സ് അധികൃതരെ ആധാർ നമ്പർ അറിയിക്കണം. ആധാർ നിർബന്ധമാക്കിയുള്ള നിയമഭേദഗതിയിൽ ‘ഭാഗിക സ്റ്റേ’ അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസമാണു തീരുമാനമെന്നതു ശ്രദ്ധേയമാണ്.
ആദായനികുതി റിട്ടേൺ നൽകാനും പാൻ കാർഡ് ലഭിക്കാനും ആധാർ നിർബന്ധമാക്കിയുള്ള നിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നും എന്നാൽ, ആധാർ നമ്പർ ലഭ്യമാക്കിയില്ലെങ്കിൽ പാൻ അസാധുവാകുമെന്ന വ്യവസ്‌ഥ നടപ്പാക്കുന്നതു ഭാഗികമായി സ്‌റ്റേ ചെയ്യുന്നു എന്നുമാണു സുപ്രീംകോടതി വിധിച്ചത്. അതേസമയം, ആധാർ ഇല്ലാത്തവർക്കു മാത്രമായുള്ള ഭാഗിക ആശ്വാസമാണു സുപ്രീം കോടതി വിധിയെന്നും, നിലവിൽ ആധാറില്ലാത്തവരുടെ പാൻ കാർഡ് അസാധുവാകില്ലെന്നും സിബിടിഡി അധികൃതർ അറിയിച്ചു.

സുപ്രീം കോടതി വിധിയെക്കുറിച്ചു പഠിച്ച ധനകാര്യ മന്ത്രാലയത്തിലെയും സിബിഡിടിയിലെയും ഉന്നതതല സമിതിയാണു ആധാർ നിർബന്ധമാക്കാനുള്ള തീരുമാനമെടുത്തത്. പക്ഷേ, പാൻ അസാധുവായാൽ ഉപയോക്താവിനു യാതൊരുവിധ ബാങ്ക് ഇടപാടുകളും നടത്താനാവില്ല. ആദായനികുതി റിട്ടേൺ ഫയലിങ്ങിനും പുതിയ പാൻ ലഭിക്കാനും ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കുകയാണു സിബിഡിടി ചെയ്തതെന്നു ഉന്നത ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആധാർ നമ്പർ ലഭ്യമാക്കിയില്ലെങ്കിൽ പാൻ അസാധുവാകുമെന്ന വ്യവസ്‌ഥ നടപ്പാക്കുന്നതു ഭാഗികമായി സ്‌റ്റേ ചെയ്യുന്നതായി ജഡ്‌ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചാണു വ്യക്‌തമാക്കിയത്. ആധാർ നമ്പർ ലഭിച്ചിട്ടില്ലാത്തവർക്കു 139എഎ(2) വ്യവസ്‌ഥ ബാധകമല്ല.
ആധാറിനെ പാൻ, ആദായനികുതി റിട്ടേൺ എന്നിവയുമായി ബന്ധപ്പെടുത്തുന്നതു ഭരണഘടനാ വിരുദ്ധമല്ല. പാൻ–ആധാർ ബന്ധിപ്പിക്കൽ വ്യവസ്‌ഥയ്‌ക്കു മുൻകാല പ്രാബല്യമില്ല. പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ അസാധുവാക്കുന്നതിനോടും അത്തരം വ്യക്‌തികളെ പാൻ കാർഡിന് അപേക്ഷിച്ചിട്ടില്ലാത്തവരായി കണക്കാക്കി ശിക്ഷിക്കുന്നതിനോടും കോടതി വിയോജിച്ചിപ്പു പ്രകടിപ്പിച്ചിരുന്നു.













