എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിലെ സങ്കീര്‍ണതയില്‍ കുഴങ്ങി സ്ഥാപനങ്ങളും അംഗങ്ങളും.ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ഫണ്ടിലേക്ക് കുടിശ്ശിക സഹിതം തുക അടയ്ക്കുന്നത് സംബന്ധിച്ച് സംശയം തുടരുകയാണ്.ഓരോ അംഗങ്ങളും അടയ്‌ക്കേണ്ട കുടിശ്ശികയുടെ വിവരം മൊബൈല്‍ ഫോണില്‍ സന്ദേശമെത്തുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാഴ്‌വാക്കായി. മാസശമ്പളം 6500ല്‍ നിന്ന് വര്‍ധിച്ചകാലം മുതല്‍ ഓരോ മാസത്തെയും കൃത്യമായ ശമ്പളം വ്യക്തമാക്കി സ്ഥാപന ഉടമ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം. യഥാര്‍ഥ ശമ്പളത്തിന്റെ 8.33 ശതമാനക്കണക്കില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് തുക നല്‍കണെമന്ന് സംയുക്ത സമ്മതപത്രം നല്‍കിയതിനു ശേഷമുള്ള നടപടിക്രമമാണിത്. ഫോം മൂന്ന് എ ഫോറത്തിലാണ് വിവരം നല്‍കേണ്ടത്.
ഈ വ്യവസ്ഥ പി എഫ് പെന്‍ഷന്‍കാരില്‍ വലിയെരു വിഭാഗത്തിന് പെന്‍ഷന്‍ വര്‍ധന നഷ്ടപ്പെടുത്താനിടയാകുമെന്നാണ് ആക്ഷേപം. ഇ. പി. എഫ് അംഗങ്ങള്‍ പി എഫ്‌ലേക്കും പിഎഫ് പെന്‍ഷന്‍ സംബന്ധിച്ച അക്കൗണ്ട് വിവരങ്ങള്‍ പിഎഫ് കാരയാലയത്തില്‍ ഉള്ളതാണ്. ഓരോ വര്‍ഷവും ഇതിന്റെ സ്‌റ്റേറ്റ്‌മെന്റ് അംഗത്തിന് പി എഫ് അതോറിറ്റി അയക്കുന്നുണ്ട്.അതനുസരിച്ച് പ്രശ്‌നങ്ങളെന്നുമില്ലാതെ പെന്‍ഷന്‍ കണക്കുക്കുട്ടലാണ് നിലവില്‍ നടക്കുന്നത്.
ഫോം എ മൂന്ന് എ നല്‍കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ മിക്കസ്ഥാപനങ്ങളും ഇരുട്ടില്‍ തപ്പുകയാണ്. ഇപിഎഫ് ഓര്‍ഗനൈസേഷനുപോലും വിവരങ്ങള്‍ കമ്പ്യൂട്ടറിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയത് 2010 ല്‍ മാത്രമാണ്. മിക്ക സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍വത്കരണം നടന്നത് അടുത്തകാലത്ത്മാത്രമാണ്. 2000 ല്‍ ജോലിയില്‍ പ്രവേശിച്ചതൊഴിലാളിയാണെങ്കില്‍ 17 വര്‍ഷം ഓരോ മാസവും വാങ്ങിയ ശമ്പളം എത്രയെന്ന് ഉടമകള്‍ പൂരുപ്പിച്ച് നല്‍കണം. അതുനോക്കി പി എഫ് കാര്യാലയത്തിലെ ബുക്കുമായി ഓത്തു നോക്കിയാണ് വര്‍ധിച്ച ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ വിഹിത കുടിശ്ശികയ്ക്ക് നോട്ടിസ് അയക്കുക. മിക്ക സ്ഥാപനങ്ങളിലും പിഎഫ് സംബന്ധിച്ച പഴയ രേഖകള്‍ സൂക്ഷിച്ചിട്ടില്ല.ഇത് സ്ഥാപനങ്ങളെയും തൊഴിലാളികളെയും ഒരുപോലെ കുഴയ്ക്കുകയാണ്.
സ്വകാര്യ-പൊതുമേഖലസ്ഥാപനങ്ങളിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ പല സ്ഥാപനങ്ങളില്‍ മാറി മാറി ജോലിചെയ്തവരും പി എഫ് അക്കൗണ്ട് അതിനനുസരിച്ച് മാറ്റിയവരുമാണ്.ഇവര്‍ ഓപ്ഷന്‍ നല്‍കുന്നതിന് ഏറെ ബുദ്ധിമുട്ടുകയാണ്. ഇവരുടെ കാര്യത്തില്‍ ശമ്പളചരിത്രം സമര്‍പ്പിര്‍പ്പിക്കല്‍ വിഷമകരമാണ്.














