ജൂണില്‍ 10 കോടി ഡോസ് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഒൻപത് മുതൽ 10 കോടി ഡോസുകൾവരെ ജൂണിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സർക്കാരിനെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുള്ളത്.

നിലവിലെ ഉത്പാദനശേഷിയായ 6.5 കോടിയിൽനിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വർധിപ്പിക്കുമെന്നാണ് വാഗ്ദാനം. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ജീവനക്കാർ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്ന് കമ്പനി കത്തിൽ അവകാശപ്പെടുന്നു.

മെയ് മാസത്തിലെ 6.5 കോടി ഡോസുകൾ എന്നതിൽനിന്ന് വ്യത്യസ്തമായി ജൂണിൽ ഒൻപത് മുതൽ പത്ത് കോടിവരെ ഡോസുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയുമെന്ന് അറിയിക്കുന്നുവെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ (ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ്) പ്രകാശ് കുമാർ സിങ് അറിയിച്ചു. വാക്സിൻ വിഷയത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളിൽ വലിയ പിന്തുണയാണ് സർക്കാരിൽനിന്ന് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *