ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത; നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്

പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലന്ന് ആവര്‍ത്തിച്ച് പൊലീസ്. സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ മുറിയില്‍ കഴിഞ്ഞ യുവതി സജിതയും റഹ്മാനും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടില്ലെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നതായാണ് വിവരം. സാഹചര്യ തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍, ഇന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നെന്മാറയിലെത്തി തെളിവ് എടുക്കാനിരിക്കെയാണ് പൊലീസ് നിലപാട് ആവര്‍ത്തിക്കുന്നത്. ഇ-മെയില്‍ മുഖേനയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ സംസ്ഥാന യുവജന കമ്മീഷനും തെളിവെടുത്തിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിയോടും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

അതിനിടെ തങ്ങള്‍ക്ക് അനൂകുലമായി നെന്മാറ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നായിരുന്നു വാര്‍ത്തയോട് സജിതയുടെ പ്രതികരണം. സംഭവത്തിന്റെ പേരില്‍ റഹ്മാന് എതിരെ കേസ് എടുക്കരുത് എന്നാണ് ആവശ്യപ്പെടാനുള്ളത്. തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും സജിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ സന്തോഷത്തോടെയാണ് കഴിയുന്നത്. ഇനിയും അങ്ങനെ തന്നെ ഇരിക്കണമെന്നാണ് ആഗ്രഹം. ഇക്കായ്ക്ക് എതിരെ എന്തിനാണ് നടപടി എടുക്കുന്നത് എന്ന് അറിയണം. വനിതകളുടെ സംരക്ഷണത്തിനാണ് വനിതാ കമ്മീഷന്‍, എന്റെ ഇക്കയല്ലാതെ ആരെന്നെ സംരക്ഷിക്കുമെന്നാണ് ഇവര്‍ പറയുന്നത്. എന്റെ ഇഷ്ടത്തോടെയും സമ്മതത്തോടെയുമാണ് ഇപ്പോഴും റഹ്മാന് ഒപ്പം നില്‍ക്കുന്നതെന്നും സജിത വ്യക്തമാക്കുന്നു.

യുവതി വീട്ടിലില്ലായിരുന്നു എന്ന റഹ്മാന്റെ രക്ഷിതാക്കളുടെ വാദം പൂര്‍ണമായും തള്ളുകയാണ് ഇരുവരും. വീട് പൊളിച്ച് പണിതപ്പോള്‍ ഉള്‍പ്പെടെ അവിടെ തന്നെ ഉണ്ടായിരുന്നു. ടീപ്പോയ്ക്ക അടിയില്‍ അന്ന് ഇരുന്നത്. പൊടി വീഴാതിരിക്കാന്‍ ടാര്‍പോളിന്‍ ഷീറ്റ് വച്ച് മൂടിയിരുന്നു എന്നും ഇരുവരും ആവര്‍ത്തിക്കുന്നു. രണ്ട് ദിവസങ്ങളിലായാണ് വീട് പൊളിച്ച് പണിതത്. അന്നെല്ലാം അവിടെ ഉണ്ടായിരുന്നു. ഈ സമയത്തെല്ലാം റഹ്മാന്‍ വെള്ളവും ഭക്ഷണവും ഉള്‍പ്പെടെ നല്‍കിയിരുന്നു എന്നും സജിത ആവര്‍ത്തിക്കുന്നുണ്ട്.

നെന്മാറയില്‍ യുവതിയെ 10 വര്‍ഷക്കാലമായി മുറിയില്‍ അടച്ചിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. യുവതിയെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും കഴിഞ്ഞുവെന്ന വാര്‍ത്ത യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് വിലയിരുത്തല്‍. പുരുഷന് വേണ്ടി അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണിത് എന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്. സംഭവത്തിന്റെ ഗൗരവം കുറച്ച് കാണാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചതായും കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *