ജില്ലാ പഞ്ചായത്തിന്റെ കടപ്പുറം ഡിവിഷന്‍ വനിതകളുടെ കന്നിയങ്കം

ചാവക്കാട്‌: ജില്ലാ പഞ്ചായത്തിന്റെ കടപ്പുറം ഡിവിഷന്‍ വനിതകളുടെ കന്നിയങ്കത്തിനാണ്‌ ഇക്കുറി സാക്ഷ്യം വഹിക്കുന്നത്‌. എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും സ്‌ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്‌. ഇതുവരെ മുസ്ലീം ലീഗ്‌ സ്‌ഥാനാര്‍ഥികള്‍ മാത്രം ജയിച്ചിട്ടുള്ള കടപ്പുറം ഡിവിഷനില്‍ വാശിയേറിയ പോരാട്ടമായിരിക്കും ഇക്കുറി നടക്കുക. വികസന മുരടിപ്പ്‌ ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫും വികസന തുടര്‍ച്ച ലക്ഷ്യമിട്ട്‌ യു.ഡി.എഫും മുന്നേറുമ്പോള്‍ ഇരു മുന്നണികളും നാടിന്റെ വികസനം പിന്നോട്ടടിച്ചു എന്ന ആരോപണവുമായി ബി.ജെ.പിയും കളത്തിലുണ്ട്‌. ലീഗിന്റെ ഷാഹുഹാജിയാണ്‌ കഴിഞ്ഞ തവണ ജയിച്ചത്‌. കടപ്പുറം, ഒരുമനയൂര്‍, പാവറട്ടി പഞ്ചായത്തുകളും എളവള്ളി പഞ്ചായത്തിലെ 1,2,3,16 വാര്‍ഡുകളും മുല്ലശേരി പഞ്ചായത്തിലെ 1,15 വാര്‍ഡുകളും വെങ്കിടങ്ങ്‌ പഞ്ചായത്തിലെ ഒന്നാം വാര്‍ഡും ഉള്‍പ്പെടെ ആകെ 51 വാര്‍ഡുകളാണ്‌ ഡിവിഷനിലുള്ളത്‌. ഇവയില്‍ പാവറട്ടി, കടപ്പുറം പഞ്ചായത്തുകള്‍ യു.ഡി.എഫും ഒരുമനയൂര്‍ എല്‍.ഡി.എഫുമാണ്‌ ഭരിക്കുന്നത്‌. മുസ്ലീംലീഗിന്റെ ഹസീന താജുദ്ദീനാണ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി. മുതുവട്ടൂര്‍ രാജ സ്‌കൂളിലെ അധ്യാപികയായിരുന്നു. ആദ്യമായാണ്‌ മത്സരരംഗത്തിറങ്ങിയത്‌. സി.പി.എമ്മിലെ സുലൈഖ ഖാദറാണ്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ ആദ്യമെങ്കിലും ഏറെനാളായി പൊതുപ്രവര്‍ത്തന രംഗത്തുള്ള സുലൈഖ കുടുംബശ്രീയുടെ പഞ്ചായത്ത്‌ ചെയര്‍പേഴ്‌സണ്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ജനാധിപത്യ മഹിള അസോസിയേഷന്റെ ഒരുമനയൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റാണ്‌. ഡിവിഷനിലെ ചില വാര്‍ഡുകളില്‍ മേല്‍കൈയുള്ളതിനാല്‍ ബി.ജെ.പിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെടും. പാവറട്ടി മരുതയൂര്‍ സ്വദേശിയായ സുജാത അമ്പാടിയാണ്‌ ബി.ജെ.പി.സ്‌ഥാനാര്‍ഥി. മുല്ലശേരി ബ്ലോക്കിലേക്കും പാവറട്ടി പഞ്ചായത്തിലേക്കും മുമ്പ്‌ മത്സരിച്ചിട്ടുണ്ട്‌. ബി.ജെ.പിയുടെ മണലൂര്‍ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റായിരുന്ന സുജാത ഇപ്പോള്‍ മഹിളാമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റാണ്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *