ജസ്റ്റിസ് കര്‍ണ്ണന് ജാമ്യമില്ല, ജയിലില്‍ പോകേണ്ടി വരും


കഴിഞ്ഞ ദിവസം അറസ്റ്റിലായ റിട്ട. ജഡ്ജി ജസ്റ്റിസ് സി.എസ്. കര്‍ണ്ണന് ജാമ്യമില്ല. ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയലക്ഷ്യ കുറ്റത്തിന് വിധിച്ച ആറു മാസത്തെ ജയില്‍ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. ഇതോടെ, കര്‍ണ്ണന്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.


കേസില്‍ ശിക്ഷ വിധിച്ചത് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണെന്നും അത് തിരുത്താന്‍ പ്രത്യേക ബെഞ്ചിനേ അധികാരമുള്ളൂയെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലാകും കര്‍ണ്ണനെ പാര്‍പ്പിക്കുക. കോടതി വിധിക്കു പിന്നാലെ ഇദ്ദേഹത്തെ ജയിലിലേക്കു മാറ്റി.


ചൊവ്വാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിന്റെ ഗസ്റ്റ് ഹൗസില്‍ നിന്ന് ബംഗാള്‍ പോലീസിന്റെ പ്രത്യേക വിഭാഗമാണ് കര്‍ണ്ണനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചെന്നൈയിലും, ഇന്നലെ രാവിലെയോടെ കൊല്‍ക്കത്തയിലും എത്തിച്ചു. കനത്ത സുരക്ഷയാണ് കര്‍ണ്ണന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച കര്‍ണ്ണനെ കഴിഞ്ഞ മാസം ഒമ്പതിനാണ് സുപ്രീംകോടതി ആറു മാസം തടവിന് ശിക്ഷിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണ്ണന്‍ ഇതോടെ ഒളിവില്‍ പോയി. ഒളിവിലിരുന്ന സമയത്താണ് ഇദ്ദേഹം വിരമിച്ചത്.



Sharing is Caring