കോഹ്‌ലിയുമായി ഭിന്നതയുണ്ട്: കുംബ്ലെ


ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുളള അഭിപ്രായഭിന്നത തന്നെയാണ് രാജിയിലേക്ക് നയിച്ചതെന്ന് അനില്‍ കുംബ്ലെ. തന്റെ അഭിരുചിക്കനുസരിച്ച് കോച്ചിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോഹ്‌ലിക്ക് ഉണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മനസ്സിലായതെന്ന് കുംബ്ലെ ട്വിറ്ററില്‍ കുറിച്ചു.


ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഉപദേശക സമിതിയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രാജിവയ്ക്കുകയാണെന്ന് നല്ലതെന്ന് കരുതിയെന്ന് കുംബ്ലെ ട്വിറ്ററില്‍ വ്യക്തമാക്കി.
തന്നെ പിന്തുണച്ച എല്ലാവര്‍ക്കും കുംബ്ലെ നന്ദി അറിയിച്ചു. ഒരു വര്‍ഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.


ഫ്രൊഫഷണലിസം, അച്ചടക്കം, സത്യസന്ധത, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ എന്നിവയാണ് പരിശീലകനെന്നനിലയില്‍ താന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഒരു ബന്ധം ഫലപ്രദമാകണെങ്കില്‍ ഇതെല്ലാം മുഖവിലക്കെടുക്കണം. കളിക്കാരെ മെച്ചപ്പെടുത്താന്‍ ടീമിനുനേരെ ഒരു കണ്ണാടി പിടിക്കുകയെന്നതാണ് ഒരു പരിശീലകന്റെ ഉത്തരവാദിത്വം.

കോച്ചായി തുടരാന്‍ തടസങ്ങളുള്ള സാഹചര്യത്തില്‍ ഈ ജോലി ബിസിസിഐ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നി. ഒരു വര്‍ഷക്കാലം ടീമിന്റെ കോച്ചായി തുടര്‍ന്നത് വലിയ ബഹുമതിയായി കണ്ട് പടിയിറങ്ങുകയാണ്.

‘ക്രിക്കറ്റ് ബോര്‍ഡിനും ഇടക്കാല ഭരണ സമിതിക്കും ഉപദേശകസമിതിക്കും നന്ദി. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരോടും നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ ക്രിക്കറ്റ് പാരമ്പര്യത്തോടൊപ്പം ഗുണകാംക്ഷിയായി താനുണ്ടാകുമെന്ന്’ കുംബ്ലെ പറഞ്ഞു.



Sharing is Caring