ജന്മദിനത്തില്‍ മോദിക്ക് ആശംസയുമായി മോഹന്‍ലാല്‍; പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് ആശംസാ സന്ദേശങ്ങളാണ് അറുപത്തിയെട്ടാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് മോദി നന്ദി അറിയിച്ച് മറുപടി നല്‍കിയത്. അക്കൂട്ടത്തില്‍ നടന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അണിനിരത്താന്‍ ഉദ്ദേശിക്കുന്ന പ്രശസ്തരില്‍ നടന്‍ മോഹന്‍ലാലും ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മോഹന്‍ലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

മോഹന്‍ലാലിന് മറുപടി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ഉണ്ടെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. ആര്‍എസ്എസ് നേതാക്കളുടെ സജീവ സാന്നിധ്യമുള്ള വിശ്വശാന്തി ട്രസ്റ്റുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം മോഹന്‍ലാലിനെ പരിവാറുകാരനാക്കിയെന്ന വിലയിരുത്തല്‍ സജീവമാണ്. ഇതിനിടെയാണ് മോദിയുടെ സന്ദേശവും അതിനുള്ള മോദിയുടെ പ്രതികരണവും പ്രസക്തമാകുന്നത്. ഇതോടെ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണവും ശക്തമായി.

നമോ ആപ്പിലൂടെ പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശങ്ങള്‍ അയയ്ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കര്‍ണാടകയിലെ ബിജെപി നേതാവ് ബി.എസ്.യെഡിയൂപ്പ, ബോളിവുഡ് താരം അനുപം ഖേര്‍, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കു ജന്മദിനാശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ ദിനമായാണ് ബിജെപി ദേശീയതലത്തില്‍ ആഘോഷിച്ചത്. മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചും രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചും രാജ്യത്തുടനീളം ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തിയും പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിച്ചു.

തന്റെ മണ്ഡലമായ വാരാണസിയില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്ന തിരക്കിലായിരുന്നു ജന്മദിനത്തില്‍ പ്രധാനമന്ത്രി. വാരാണസി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.

ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ ഭയക്കരുതെന്നും പഠനത്തില്‍ ഒരു പ്രധാന സംഗതിയാണതെന്നും വാരാണസിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘ദ് മേക്കിങ് ഓഫ് എ ലെജന്‍ഡ്’ എന്ന പുസ്തകം കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും മുഖ്താര്‍ അബ്ബാസ് നഖ്‌വിയും പ്രകാശനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *