‘ജനകീയ സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണം’; പി.ബിക്ക് വി.എസ്സിന്റെ കത്ത്


ജനകീയ സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നാവശ്യപെട്ട് പോളിറ്റ് ബ്യൂറോക്ക് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്ച്യുതാനന്ദന്‍ കത്തുനല്‍കി.


സി.പി.ഐ.എമ്മിന്റെ കേന്ദ്ര നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായതിന് പിന്നാലെയാണ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കത്ത് നല്‍കിയത്.


ജനകീയ സമരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണം.പലയിടത്തും പാര്‍ട്ടി ദുര്‍ബലമാണ്. ഈ അവസ്ഥ മറികടക്കാനുളള നീക്കങ്ങള്‍ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകണം.

സംഘടനയെ സമര സജ്ജമാക്കണം. ദേശീയ തലത്തില്‍ നോട്ട് നിരോധനം മുന്‍നിര്‍ത്തി രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. മകന്‍ വി.എസ് അരുണ്‍കുമാര്‍ മുഖേനെയാണ് കത്ത് കേന്ദ്രനേതാക്കളുടെ പക്കല്‍ എത്തിച്ചത്.

നേരത്തെ മന്ത്രി എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോക്ക് കത്തയച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വിഎസിന്റെ കത്ത് കിട്ടിയില്ലെന്ന് പറഞ്ഞിരുന്നു. അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതോടെയാണ് മണിയുടെ രാജി ആവശ്യം ശക്തമായി ഉയര്‍ന്നത്.

കോടതി ഉത്തരവോടെ അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായി എംഎം മണി തുടരുന്ന സാഹചര്യത്തിലാണ് വി.എസ് പാര്‍ട്ടി കേന്ദ്ര കമ്മറ്റിക്ക് കത്ത് നല്‍കിയത്.



Sharing is Caring