പൊലിസില്‍ കൂട്ട അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള 15 എസ്.പിമാരെ മാറ്റി.
അടുത്തകാലത്തായി പൊലിസിനെക്കുറിച്ച് വ്യാപക പരാതി ഇടതുമുന്നണിക്ക് അകത്തും പുറത്തും ഉയരുന്നതിനിടെയാണ് അഴിച്ചുപണി.

യുവ ഐ.പി.എസ് ഉദ്യോഗസ്ഥരെയും അടുത്തിടെ സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ് ലഭിച്ച എസ്.പിമാരെയും നിരത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്.
സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് എതിര്‍പ്പുള്ള എസ്.പി സഞ്ജയ്കുമാര്‍ ഗരുഡിക്ക് സ്ഥലംമാറ്റമുണ്ട്. കെപി ഫിലിപ്പ് ആയിരിക്കും പുതിയ എസ്പി. അരുള്‍ ബിയാണ് പുതിയ തിരുവനന്തപുരം ജില്ലാ സിറ്റി പോലീസ് കമ്മീഷണര്‍.
ജെ.ജയനാഥാണ് കോഴിക്കോട് സിറ്റിയിലെ പുതിയ പൊലിസ് കമ്മീഷണര്‍, പുഷ്കരനാണ് കോഴിക്കോട് റൂറല്‍ എസ്.പി. ബി.നാരായണന് തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷണറാകും.
എന്‍.വിജയകുമാര്‍ തൃശൂര്‍ റൂറല്‍ എസ്.പിയാകും. ഡോ.അരുണ്‍ കൃഷ്ണയും യതീഷ് ബി.ചന്ദ്രയും തിരുവനന്തപുരത്തെയും എറണാകുളത്തയെും സിറ്റി ഡി.സി.പിമാരാകും. പ്രതീഷ്കുമാര്‍ പാലക്കാടും, ശിവവിക്രം വയനാടും എസ്.പിമാരാകും. മുഹമ്മദ് റഫീക്ക് (ആലപ്പുഴ), വേണുഗോപാല്‍ (ഇടുക്കി), അശോക് കുമാര്‍(തിരുവനന്തപുരം റൂറല്‍), എ.വി.ജോര്‍ജ്ജ് (എറണാകുളം റൂറല്‍), ബി.അശോക് (പത്തനംതിട്ട), സൈമണ്‍ (കാസര്‍ഗോഡ്), എന്നിങ്ങനെയാണ് എസ്.പിമാരായി ചുമതല നല്‍കാനാണ് തീരുമാനം.
സ്ഥലമാറ്റപ്പെട്ട എസ്.പിമാര്‍ക്ക് പകരം ചുമതല നല്‍കിയിട്ടില്ല.
പിണറായി സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ പൊലിസ് പ്രവര്‍ത്തിക്കുന്നുവെന്ന് പാര്‍ട്ടികകത്തും മുന്നണിയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ അഴിച്ചുപണിയെന്നാണറിയുന്നത്.
യു.എ.പി.എ നിയമം അനാവശ്യമായി ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതും പൊലിസ് ഭരണം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലെന്നുവരെ വിവിധ ഭാഗങ്ങളില്‍ വമര്ശനമുയര്ന്നിരുന്നു.













