ചലോ ലഖ്നൗ;കിസാന്‍ സഭ ഇനി യോഗി ആദിത്യനാതിന്‍റെ യുപിയിലേക്ക്

ലഖ്നൗ: സമകാലിക ഇന്ത്യയുടെ കര്‍ഷകസമര ചരിത്രത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റമായിരുന്ന മഹാരാഷ്ട്രയിലെ കര്‍ഷക റാലിക്ക് ശേഷം അഖിലേന്ത്യാ കിസാന്‍ സഭ പ്രക്ഷോഭവുമായി യുപിയിലേക്ക്. നാളെ ഉത്ത‍ര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലേക്ക് ആയിരക്കണക്കിന് കര്‍ഷകരുടെ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നാണ് സിപിഐമ്മിന്‍റെ കര്‍ഷകസംഘടനയായ കിസാന്‍ സഭയുടെ പ്രഖ്യാപനം. ‘ചലോ ലഖ്നൗ’ എന്ന പേരിലാണ് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന്‍റെ ആവശ്യങ്ങള്‍ക്ക് സമാനമായ ആവശ്യങ്ങള്‍ തന്നെയാണ് യുപിയിലും കിസാന്‍ സഭ ഉന്നയിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉദ്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടി താങ്ങുവില പ്രഖ്യാപിക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, 60 വയസ് പിന്നിട്ട കര്‍ഷകര്‍ക്ക് 5,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, വൈദ്യുതി ഉദ്പാദന, വിതരണ മേഖലകളിലെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

മാര്‍ച്ചില്‍ കര്‍ഷകപങ്കാളിത്തം ഉറപ്പാക്കാന്‍ ഏറെ ദിവസങ്ങളായി ഉത്തര്‍ പ്രദേശ് ഗ്രാമങ്ങളില്‍ കിസാന്‍ സഭ പ്രവര്‍ത്തകര്‍ പ്രചാരണത്തിലാണ്. ഉത്തര്‍ പ്രദേശ് കിസാന്‍ സഭ എന്ന ഫേസ്ബുക്ക് പേജ് വഴിയും വാട്സാപ് ഗ്രൂപ്പുകളിലൂടെയും സമരസംഘാടനം നടക്കുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദം ഏറ്റെടുക്കാനായി രാജിവച്ച ഖൊരക്പൂര്‍ മണ്ഡലത്തില്‍ നടന്ന ലോക്സഭാ ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തിരിച്ചടി നേരിട്ടതിന് തൊട്ടടുത്ത ദിവസമാണ് കിസാന്‍ സഭ യുപിയുടെ തലസ്ഥാനത്തേക്ക് മാര്‍ച്ച്‌ ചെയ്യുന്നത്. മഹേന്ദ്ര ഫട്നാവിസ് സര്‍ക്കാരിന് എതിരായി മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച കര്‍ഷകമുന്നേറ്റം വന്‍ വിജയമായതും കിസാന്‍ സഭയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

ആയിരക്കണക്കിന് കര്‍ഷകര്‍ നാളെ ചലോ ലഖ്നൗ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് കിസാന്‍ സഭ അവകാശപ്പെടുന്നത്. കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്‍റ് അശോക് ധാവ്ള, ജനറല്‍ സെക്രട്ടറി ഹന്നന്‍ മുള്ള, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും നേതൃത്വം അറിയിച്ചു. ഏപ്രില്‍ മൂന്നിന് ഹിമാചല്‍ പ്രദേശ് നിയമസഭ വളയാനും അഖിലേന്ത്യാ കിസാന്‍ സഭ തീരുമാനിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *