മദ്യനയ കേസില്‍ കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ ഉത്തരവുണ്ടാകും

മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ ഉത്തരവുണ്ടാകും. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക.

മദ്യനയ കേസില്‍ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, ജാമ്യം നല്‍കിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കാന്‍ കഴിയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഡല്‍ഹിയില്‍ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. 5 തവണ ഇഡിക്ക് മറുപടി നല്‍കി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്.

ജാമ്യത്തില്‍ വാദം കേള്‍ക്കല്‍ മാറ്റണമെന്ന് ഇഡി ആദ്യം ആവശ്യപ്പെട്ടു. ഗുരുതരമായ കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാളെന്നും ജാമ്യം നല്‍കിയാല്‍ ദുരുപയോഗം ചെയ്യുമെന്നും ഇഡി കോടതിയില്‍ നിലപാടെടുത്തു.
ജയിലിലായിട്ടും കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായതീരുമാനമാണെന്നും ഇഡി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

സഹതാപത്തിന്റെ പേരില്‍ ജാമ്യം നല്‍കരുത്. പ്രത്യേക വകുപ്പുകള്‍ ഇല്ലാത്ത കെജ്രിവാള്‍ ജയിലില്‍ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ല. ഒന്നുമല്ലാത്ത മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും ഇഡി കോടതിയില്‍ വാദിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *