ചക്രവ്യൂഹ് ചലഞ്ച് 30 മുതല്‍


ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഡ്വഞ്ചര്‍ കാര്‍ണിവലായ ചക്രവ്യൂഹ് ചലഞ്ച് 30 മുതല്‍ മേയ് ഒന്നുവരെ കൊച്ചിയില്‍ നടക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പരിപാടി. ഇന്ത്യന്‍ ഇതിഹാസത്തിലെ യുദ്ധസന്നാഹമായ ചക്രവ്യൂഹിന്റെ പേരിലുള്ള മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ മത്സരക്ഷമതയും ധൈര്യവും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവും പരിശോധിക്കുന്നതാണ് പ്രത്യേകമായി തയാറാക്കിയ തടസങ്ങള്‍. സ്ലഷ്, വാട്ടര്‍, റോപ്‌സ്, ഇന്‍ക്ലൈന്‍ഡ് സ്ലോപ്‌സ്, ടീം ബില്‍ഡിങ് എക്‌സര്‍സൈസ്, ഫണ്‍ മേയ്‌സസ് തുടങ്ങിയവയാണ് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.


വ്യക്തിഗത മത്സരവിഭാഗം, ടീം ചലഞ്ച്, ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ചക്രവ്യൂഹ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗം മത്സരയിനമായതുകൊണ്ട് മത്സരാര്‍ത്ഥിയുടെ ശാരീരികക്ഷമതയും വേഗതയും പരിശോധിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രാന്‍ഡ് പ്രൈസ് ലഭിക്കും.


ടീം ചലഞ്ചില്‍ അഞ്ച് പേര്‍ക്ക് വരെ പങ്കെടുക്കാം. ശാരീരിക, മാനസിക കഴിവുകള്‍ ഉപയോഗപ്പെടുത്തി വെല്ലുവിളികളെ നേരിടാനായി രൂപപ്പെടുത്തിയതാണ് ഇവ. മത്സരവിഭാഗമല്ലാത്ത ഫണ്‍ റണ്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച അനുഭവമായിരിക്കും. എല്ലാ വിഭാഗങ്ങളിലുമായി രണ്ടായിരം പേര്‍ പങ്കെടുക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം. പതിനെട്ട് മുതല്‍ പ്രായമുള്ളവര്‍ക്ക് മത്സരയിനങ്ങളിലും പതിമൂന്ന് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫണ്‍ റണ്ണിലും പങ്കെടുക്കാം.



Sharing is Caring