ഗൗരി ലങ്കേഷ് വധം: അന്വേഷണം തുടങ്ങി; ആവശ്യമെങ്കില്‍ സി.ബി.ഐക്ക് വിടും

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് തോന്നിയാല്‍ മടിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
കൊലപാതകം അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ 21 അംഗങ്ങളുള്ള പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) രൂപീകരിച്ചിരുന്നു. ഇന്റലിജന്‍സ് ഐ.ജി ബി.കെ സിങും ഡി.സി.പി എം.എന്‍ അനുചേതും നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന് കേസ് ഉടന്‍ തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായും കൊലയാളികളെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. അന്വേഷണം നീതി പൂര്‍വം നടക്കും. കൊലയാളിയെ കുറിച്ച്‌ പ്രാഥമികമായ ചില സൂചന ലഭിച്ചിട്ടുണ്ടെങ്കിലും അത് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ അധികാരമില്ലെന്നും റെഡ്ഡി പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് രാഷ്ട്രീയപരമായി എന്തെങ്കിലും തടസമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇതില്‍ വാസ്തവമില്ലെന്നും ആവശ്യമെങ്കില്‍ കേസ് സി.ബി.ഐക്ക് വിടാന്‍ മടിക്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കല്‍ബുര്‍ഗി കേസില്‍ നടപടിയെടുത്തില്ലെന്ന് പറയുന്നത് ശരിയല്ല. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ചില തെളിവുകള്‍ കൂടി കിട്ടാനുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *