ഗ്ലാസ് മറയുടെ പിന്നില്‍ അമ്മയും ഭാര്യയും കുല്‍ഭൂഷണെ കണ്ടു


കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും ഭാര്യയും പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി ജാദവുമായി കൂടിക്കാഴ്ച നടത്തി. ഒരു ഗ്ലാസ് സ്ക്രീനിന് ഇരുവശത്തും നിന്നാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പാക്കിസ്ഥാന്റെ കസ്റ്റഡിയിലായ ശേഷം ആദ്യമായാണ് കുല്‍ഭൂഷണ്‍ കുടുംബാംഗങ്ങളെ കാണുന്നത്.


ഇസ്ലാമാബാദില്‍ എത്തിയ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിന് വിമാനത്താവളം മുതല്‍ പ്രത്യക കമാന്‍ഡോ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പാകിസ്ഥാന്‍ വാക്കുപാലിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ പ്രതികരിച്ചു.


കൂടിക്കാഴ്ച നടക്കുന്ന ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയം ഓഫീസിലും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബര്‍ 20 നാണ് പാകിസ്ഥാന്‍ വിസ അനുവദിച്ചത്.

ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച്‌ കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാധവിനെ വധശിക്ഷയ്ക്ക് വിധിച്ചത്.



Sharing is Caring