ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമെന്ന് കെ സുരേന്ദ്രന്‍


വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗുലാം അലി കേരളത്തില്‍ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ നടത്തുന്ന പ്രതിഷേധം അപലപനീയമാണെന്നും സുരേന്ദ്രന്‍ പറയുന്നു. പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന ആക്രമണത്തെ ഇതുമായി ബന്ധിപ്പിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും എല്ലാ ചിന്താധാരകളെയും ആവാഹിക്കാനുള്ള കരുത്ത് ഭാരതീയ ദര്‍ശനങ്ങള്‍ക്കുണ്ടെന്നും സുരേന്ദ്രന്‍ കുറിച്ചു.


കലയിലും സാഹിത്യത്തിലും വിഷം കലര്‍ത്തുന്നത് ശത്രുക്കളുടെ കൈയില്‍ ആയുധം നല്കുന്നതിന് തുല്യമാണ്. ഗുലാം അലി ലോകപ്രശസ്തനായ ഗസല്‍ വിദ്വാനാണ്. അദ്ദേഹത്തെ കോഴിക്കോട്ടുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. സംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാടെടുക്കാന്‍ കഴിയില്ല. സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ല. ഗുലാം അലിയുടെ കോലം കത്തിക്കാനുള്ള ശിവസേനയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല, എന്നാല്‍ നടപടി നിന്ദ്യമായിപ്പോയെന്ന് പറയാതെ വയ്യെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.




Sharing is Caring