ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കിയേക്കും, അന്തിമതീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴത്തുക പകുതിയായി കുറയ്ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമ ലംഘനങ്ങള്‍ക്ക് 1,000 രൂപയില്‍ നിന്ന് 500 രൂപ ആയേക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയില്‍ നിന്ന് 3,000 ആക്കും. പെര്‍മിറ്റ് ലംഘനം, ഓവര്‍ലോഡ് എന്നിവയ്ക്കുള്ള പിഴയിലും ഇളവ് വരുത്താനാണ് ആലോചന. അതേസമയം, മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് പിഴ കുറയ്ക്കില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും.

ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയര്‍ന്ന പിഴത്തുക ഉടന്‍ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വ്യക്തത വരുന്നത് വരെയാണ് ഉയര്‍ന്ന പിഴ ഒഴിവാക്കുന്നത്. പുതിയ ഉത്തരവിലൂടെ കേന്ദ്രം ഇതില്‍ വ്യക്തത വരുത്തുമെന്നാണ് കരുതുന്നത്. അതുവരെ ബോധവല്‍ക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത നിയമ ലംഘനത്തിന് പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതിന് പിന്നാലെയാണ് എ.കെ ശശീന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്. ഉയര്‍ന്ന പിഴത്തുകയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സംസ്ഥാനങ്ങള്‍ക്ക് പിഴത്തുക നിശ്ചയിക്കാമെന്ന് കേന്ദ്രം അറിയിച്ചത്. ഇതു സംബന്ധിച്ച്‌ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ഗഡ്കരി പറഞ്ഞു.

അതിനിടെ, മോട്ടര്‍ വാഹന ഭേദഗതി പ്രകാരം പുതുക്കിയ പിഴത്തുകയില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി കൂടൂതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ബിഹാര്‍, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *