കർഷക ബില്ലിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കർഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്നതിനാല്‍ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിച്ചതോടെ സംസ്ഥാനങ്ങളിലെ കർഷക പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് പിസിസികളുടെ നേതൃത്വത്തില്‍ നടക്കുന്ന വാർത്ത സമ്മേളങ്ങളോടെ ആരംഭിക്കും. സർക്കാരിനെ തുറന്നുകാട്ടുകയും രാജ്യത്തെ സാഹചര്യം വിശദീകരിക്കുകയുമാണ് ലക്ഷ്യം. രാജ്ഭവൻ മാർച്ച്, കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ എന്നിവയും വരും ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര അഗ്രികള്‍ച്ചർ ട്രെഡേഴ്സ് അടക്കം വിവിധ കർഷക സംഘടനകൾ ഇന്നു മുതൽ 26 വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ട്രെയിനുകള്‍ തടയാനാണ് നീക്കം. നാളെ ദേശീയ കർഷക സംയുക്ത സംഘടന ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർഥി സംഘടനകള്‍ അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കർഷക പ്രക്ഷോഭമാകും നാളത്തേതെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ വലിയ തോതില്‍ സംഘടിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കർഷക മാർച്ചുകള്‍ തുടരുകയാണ്. പാനിപ്പത്തിൽ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കർഷകരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് തിരിച്ചയച്ചത്. പ്രതിഷേധങ്ങളെ നേരിടാന്‍ ഡല്‍ഹി അതിർത്തികളിൽ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അടക്കം നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ ഏജന്‍സിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ഏജന്‍സി നിര്‍ദേശം നല്‍കിയത്. സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകൂല്‍ പ്രീത് സിങ്, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖമ്പട്ട എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് നോട്ടീസ് നല്‍കിയത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപിക പദുകോണിന്റെ പേര് ചര്‍ച്ചയായതോടെ ഗോവയിലെ സിനിമ ചിത്രീകരണം നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പേരിടാത്ത ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പുറത്തിറങ്ങേണ്ടത്. ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതായി ദീപിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

മാനേജർ കരിഷ്മ പ്രകാശിന് കഴിഞ്ഞ ദിവസം എൻസിബി സമൻസ് നൽകിയിരുന്നു എങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ടുദിവസം സമയം നീട്ടി ചോദിച്ചിരിയ്ക്കുകയാണ്. അതേസമയം സുഷാന്ത് സിങ് രജ്‌പുതിന്റെ ടാലന്റ് മാനേജറായിരുന്ന ജയ സാഹയെ തുടർച്ചയായ മൂന്നാം ദിവസവും എൻസിബി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജാരാകാൻ ദീപികയ്ക്ക് ഉൾപ്പടെ നോട്ടീസ് നൽകിയിരിയ്ക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *