കോഴിക്കോട് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കോഴിക്കോട് വന്‍തോതില്‍ കോവിഡ് രോഗബാധിതര്‍ കൂടുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്നലെ മാത്രം 442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വര്‍ധിപ്പിക്കും. പാളയം മാര്‍ക്കറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു.

പാളയം മാര്‍ക്കറ്റില്‍ 760 പേരില്‍ നടത്തിയ പരിശോധനയിലാണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പച്ചക്കറി കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ, പോർട്ടർമാർ എന്നിവർക്കാണ് പരിശോധന നടത്തിയത്. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും.

കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ കോവിഡ് വ്യാപനം ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദിനംപ്രതി ആയിരങ്ങള്‍ എത്തുന്ന മാര്‍ക്കറ്റാണ് പാളയം. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്നതാണ് ആശങ്ക. താല്‍ക്കാലികമായി മൂന്ന് ദിവസത്തേക്ക് മാര്‍ക്കറ്റ് അടച്ചിടും. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാകും മറ്റ് നടപടികള്‍.

ഇന്നലെ കോര്‍പ്പറേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരക്കേറിയ മാര്‍ക്കറ്റുകളില്‍ ദിവസേന 200 ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചു. കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന ക്ലസ്റ്റർ മേഖലകളിലും ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണുകളിലും പരിശോധനകളുടെ എണ്ണം കൂട്ടും. ജില്ലയിൽ ഇതുവരെ 12,914 പേരാണ് കോവിഡ് പോസിറ്റീവായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *