കൗമാരക്കാര്‍ സംഘം ചേര്‍ന്ന് യുവതിയുടെ വസ്ത്രമഴിച്ച്‌ അധിക്ഷേപിച്ചു


കൗമാരക്കാരായ ആണ്‍കുട്ടികളുടെ സംഘം ബസിനുള്ളില്‍ വച്ച്‌ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് മൊറോക്കോയില്‍ ഉയരുന്നത്. മൊറോക്കോയിലെ കാസാബ്ലാങ്കയിലാണ് സംഭവം. ആണ്‍കുട്ടികള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ചിരിക്കുന്നതും യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതും വീഡിയോയില്‍ വ്യക്തമാണ്.
യുവതിയെ അറബിക്കില്‍ അപഹസിക്കുന്നതും കാണാം. യുവതി കണ്ണീരോടെ സഹായത്തിന് അഭ്യര്‍ഥിക്കുന്നുണ്ട്. ഞായറാഴ്ചയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. യുവതി സഹായത്തിനായി അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ബസ് ഡ്രൈവറോ സഹയാത്രികരോ ഇടപെട്ടതുമില്ല.
സംഭവവുമായി ബന്ധപ്പെട്ട് 15 നും 17 നും ഇടയില്‍ പ്രായമുള്ള ആറ് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് വളരെ ഉയര്‍ന്ന രാജ്യമാണ് മൊറോക്കോ. ശാരീരികമോ മാനസികമോ ലൈംഗികമോ സാമ്ബത്തികമോ ആയ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നവരാണ് രാജ്യത്തെ മൂന്നില്‍ രണ്ട് സ്ത്രീകളെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
പഠനവൈകല്യമുള്ള യുവതിയാണ് ഉപദ്രവത്തിനിരയായതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. വീഡിയോയ്ക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യുവതി മാന്യമല്ലാത്ത വസ്ത്രം ധരിച്ചതു കൊണ്ടാണ് അതിക്രമം നേരിടേണ്ടി വന്നതെന്ന മനുഷ്യത്വരഹിതമായ വാദങ്ങളുമായി മുന്നോട്ടു വന്നവരുമുണ്ട്.
അതിക്രമത്തിന് ദൃക്സാക്ഷികളായവരോട് മുന്നോട്ടുവരാനും യുവതിക്ക് നീതീ നേടിക്കൊടുക്കാനും സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മൊറോക്കന്‍ സന്നദ്ധ സംഘടനയായ ഡോണ്‍ട് ടച്ച്‌ മൈ ചൈല്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.




Sharing is Caring