ക്ഷാമത്തിന്റെ മറവില്‍ കേരളത്തിലേക്കു എത്തുന്നത് ഗുണനിലവാരം മോശമായി മറ്റു രാജ്യങ്ങള്‍ തിരസ്‌കരിക്കുന്ന മത്സ്യം

സംസ്ഥാനത്തു ട്രോളിങ് നിരോധനം ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. ജൂെലെ 31 വരെയാണു നിരോധനം. ഇത്തവണ ട്രോളിങ് നിരോധനത്തിനു മുമ്പുതന്നെ തീരങ്ങള്‍ വറുതിയിലായി. മുന്‍വര്‍ഷങ്ങളില്‍ ട്രോളിങ് നിരോധനകാലത്തും മത്സ്യബന്ധനം വ്യാപകമായിരുന്നതാണ് ഇതിനു കാരണമെന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇത്തവണ നിരോധനം കര്‍ശനമാക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം.
ഗുണനിലവാരം മോശമായതിനാല്‍ മറ്റു രാജ്യങ്ങള്‍ തിരസ്‌കരിക്കുന്ന മത്സ്യം ക്ഷാമത്തിന്റെ മറവില്‍ ഇപ്പോള്‍ കേരളത്തിലേക്കു കൂടുതലായെത്തുന്നുണ്ട്. ഇവ ഭക്ഷിച്ചവര്‍ക്കു വ്യാപകമായി അസ്വസ്ഥത അനുഭവപ്പെട്ടതോടെ വരവുമത്സ്യത്തിനു സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങുകയാണ്.
സംസ്ഥാനത്തെ രൂക്ഷമായ മത്സ്യക്ഷാമത്തിനിടയിലും വിഴിഞ്ഞത്തു കൊഞ്ചുചാകര എത്തിയതു ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കു പ്രതീക്ഷയേകുന്നു. എന്നാല്‍, മഴക്കാലത്തു കടല്‍ പ്രക്ഷുബ്ധമായതു തിരിച്ചടിയാണ്. 12 നോട്ടിക്കല്‍ െമെലിനു പുറത്ത് കേന്ദ്രസര്‍ക്കാരിന്റെ നിരോധനമുണ്ട്. ഇതു കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡും മെറെന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി സ്വീകരിക്കണമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ പ്രത്യേകയോഗം വിളിക്കണം. കടലിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇത്തവണ 17 ബോട്ടുകള്‍ വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദീര്‍ഘകാലാവശ്യമായ മെറെന്‍ ആംബുലന്‍സും യാഥാര്‍ഥ്യമാകാനൊരുങ്ങുന്നു. ഇതിനുള്ള ഭരണാനുമതി കൊച്ചിന്‍ ഷിപ്പ്‌യാഡിനു നല്‍കി. മെറെന്‍ സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. മിടുക്കരായ മത്സ്യത്തൊഴിലാളികളെ െലെഫ് ഗാര്‍ഡുമാരായി നിയമിക്കും. സുരക്ഷയുടെ ഭാഗമായി, കടലില്‍ പോകുന്ന ബോട്ടുകള്‍ക്ക് ഏകീകൃതനിറം കര്‍ശനമാക്കി. സുരക്ഷയ്ക്കായി 1554, 1093 എന്നീ ടോള്‍ഫ്രീ നമ്പരുകള്‍ പ്രയോജനപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കി.
മത്സ്യങ്ങളുടെ പ്രജജനകാലത്തും അനിയന്ത്രിതമായി തുടരുന്ന ട്രോളിങ്ങാണു സംസ്ഥാനത്തെ മത്സ്യക്ഷാമത്തിനു പ്രധാനകാരണം. പ്രയോജനമില്ലാത്ത ചെറുമീനുകളെപ്പോലും പിടികൂടി വളം കമ്പനികള്‍ക്കു െകെമാറുകയാണ്. ഭക്ഷ്യയോഗ്യമായ 58 ഇനം മീനുകളില്‍ 14 ഇനങ്ങളുടെ കുഞ്ഞുങ്ങളെ പിടിക്കാന്‍ നിലവില്‍ നിയന്ത്രണമുണ്ട്. ഇതുകൊണ്ടു ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ ബാക്കി ഇനങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ ട്രോളിങ് നിരോധകാലത്തു സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സമുദ്രമത്സ്യഗവേഷണസ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) സമുദ്രക്കൃഷി ജനകീയമാക്കുന്നതുപോലെ സംസ്ഥാനത്തു മത്സ്യഫെഡിനെ കൂടുതല്‍ സജീവമാക്കാനുള്ള തീരുമാനം ഫയലില്‍തന്നെയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളവിപണിയിലെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരംഉറപ്പുവരുത്താനും മത്സ്യവിപണികളെ നിയന്ത്രിക്കാനുമായി ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് ബില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സമുദ്ര കൂട്ടുകൃഷി, സാങ്കേതികവിദ്യാവികസനം, കര്‍ഷകസൗഹൃദ വിത്തുത്പാദനകേന്ദ്രങ്ങളുടെ വികസനം, വാണിജ്യപ്രധാനമായ മീനുകളുടെ വിത്തുത്പാദനം എന്നിവയിലൂടെ തീരദേശസംസ്ഥാനങ്ങളില്‍ സമുദ്രക്കൃഷി ജനകീയമാക്കാനുള്ള പദ്ധതികള്‍ സി.എം.എഫ്.ആര്‍.ഐക്കുണ്ട്. കടല്‍മത്സ്യം കുറഞ്ഞതുപോലെ ഉള്‍നാടന്‍ മത്സ്യസമ്പത്തും സംസ്ഥാനത്തിന് അന്യമാവുകയാണ്. ഒരിക്കല്‍ ഈ മേഖലയില്‍ കേരളം ഏറെ മുന്നിലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *