ഗുരുഗ്രാമിൽ ഇരട്ട സഹോദരിമാർ കാറിനുള്ളിൽ ശ്വാസം മുട്ടിമരിച്ചു. അഞ്ചുവയസുകാരായ ഹർഷ, ഹർഷിത എന്നിവരാണ് മരിച്ചത്. പട്ടൗഡിയിലെ ജമാൽപൂർ ഗ്രാമത്തിലാണ് സംഭവം.
മുത്തശ്ശെൻറ വീട്ടിലാണ് കുട്ടികൾ താമസിച്ചിരുന്നത്. കുട്ടികൾ കളിക്കുന്നതിന് വേണ്ടി വീടിനു മുന്നിൽ നിർത്തിയിട്ട ഹുണ്ടായ് ഇലാന്ദ്ര കാറിൽ കയറി ഡോർ അടച്ചിരിക്കുകയായിരുന്നു. കാറിെൻറ ലോക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ ഇവർ അതിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കളിക്കാനിറങ്ങിയ കുട്ടികളെ കാണാത്തതിനെ തുടർന്ന് വൈകുന്നേരം നാലു മണിയോടെ കുടുംബാംഗങ്ങൾ ഫതിരഞ്ഞിറങ്ങിയപ്പോഴാണ് കാറിനുള്ളിൽ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമിതമായ ചൂടും അടച്ച കാറിനുള്ളിൽ വായു സഞ്ചാരമില്ലാതിരുന്നതുമാണ് സഹോദരിമാരുടെ മരണത്തിന് കാരണമായത്.
മരിച്ച കുട്ടികളുടെ പിതാവ് കരസേനാ ഉദ്യോഗസ്ഥനാണ്. മീററ്റിലാണ് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. ബുധനാഴ്ച ഇവർ മീററ്റിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. ഇരട്ട സഹോദരിമാരെ മീററ്റിലെ സ്കൂളിൽ ചേർത്തിരുന്നു.













