ക്ഷമ പരീക്ഷിക്കരുത്; ജനാധിപത്യത്തെ മാനിച്ചാണ് സംയമനം പാലിക്കുന്നതെന്ന് ശശികല

പനീര്‍ ശെല്‍വത്തിന് പിന്തുണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ക്ക് കത്തെഴുതിയതിന് പിന്നാലെ പരോക്ഷ ഭീഷണിയുമായി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. ഒരുപാട് വെല്ലുവിളികള്‍ ജയലളിത നേരിട്ടു. ഇപ്പോള്‍ നമുക്കും വെല്ലുവിളികള്‍ നേരിടേണ്ട സമയമാണ്. ജനാധിപത്യത്തെ മാനിച്ചാണ് താന്‍ സംയമനം പാലിക്കുന്നത്. എന്നാല്‍ ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്. അതു കഴിഞ്ഞാല്‍ വേണ്ടത് ചെയ്യുമെന്ന് ശശികല പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

അമ്മ ഞങ്ങള്‍ക്കൊപ്പമാണ്. ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും ശശികല പറഞ്ഞു. അമ്മ ഒന്നര കോടി പാര്‍ടി പ്രവര്‍ത്തകരെ എന്നെ ഏല്‍പിച്ചിട്ടാണ് പോയത്. അവര്‍ എന്റെ കൂടെയുള്ളിടത്തോളം ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളാണ് എനിക്കെല്ലാം. ഞാന്‍ പാര്‍ട്ടിയെ നല്ലപോലെ സംരക്ഷിക്കുമെന്ന് അമ്മയ്ക്ക് അറിയാമെന്നും അവര്‍ പറഞ്ഞു.

അതിനിടെ ശശികല ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് കത്തയച്ചു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഒ.പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിട്ട് ഏഴ് ദിവസമായി. പുതിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഭരണഘടനാപരമായുള്ള തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ വൈകരുതെന്നും ശശികല കത്തില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *