ക്രിയാത്മക വിമര്‍ശനം തുടരുമെന്ന് സി.പി.ഐ

മൂന്നാര്‍ ഒഴിപ്പിക്കലിനെ ചൊല്ലി സി.പി.ഐയും സി.പി.എമ്മും കൊന്പു കോര്‍ക്കുന്നതിനിടെ ക്രിയാത്മക വിമര്‍ശനം തുടരുമെന്ന സൂചനയുമായി സി.പി.ഐ രംഗത്ത്. കേരളത്തിലെ എല്‍.ഡി.എഫ് പ്രവര്‍ത്തനം സംബന്ധിച്ച പ്രഖ്യാപിത പൊതുധാരണയില്‍ നിന്നുള്ള വ്യതിയാനത്തിനെതിരെ ക്രിയാത്മക വിമര്‍ശനം ഉന്നയിക്കുന്നതില്‍ നിന്ന് ഘടകകക്ഷികളെ വിലക്കാനാവില്ലെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ നയപരിപാടികളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്നുവന്ന ചില വിമര്‍ശനങ്ങളും ചര്‍ച്ചകളും സാമൂഹ്യരാഷ്ട്രീയ ജീവിതത്തെ സ്വാഭാവികമായും ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. അത് മാദ്ധ്യമ ലോകത്തും രാഷ്ട്രീയ വ്യവഹാരത്തിലും അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി.പി.ഐ, സി.പി.എം നേതൃയോഗങ്ങളും അവയുടെ തീരുമാനങ്ങളും അത്തരം ഊഹാപോഹങ്ങളും ദുര്‍വ്യാഖ്യാനങ്ങളും അപ്രസക്തമാണെന്ന് വ്യക്തമാക്കുന്നവയാണ്.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയത്തെപ്പറ്റിയുള്ള വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഇടതുപക്ഷ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യത്തിന്റെയും മുന്നണി പ്രവര്‍ത്തനത്തിന്റെയും അന്തര്‍ധാരയും ബലതന്ത്രവും. മുന്നണിയിലെ പ്രമുഖ ഘടകങ്ങളായ ഇരുപാര്‍ട്ടികളും സംസ്ഥാനത്തും രാജ്യത്തും നിലനില്‍ക്കുന്ന സമൂര്‍ത്ത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വര്‍ത്തമാന കാലഘട്ടത്തിലും ഇന്ത്യയുടെ ഭാവി രാഷ്ട്രീയ ഭാഗധേയത്തിലും നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടാണെന്ന് അടിവരയിടുന്നു. അത്തരം ഒരു കൂട്ടുകെട്ടിന്റെയും മുന്നണിയുടെയും ദൃഢത ഇന്ത്യയുടെ രാഷ്ട്രീയഭാവിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി തിരിച്ചറിയുന്ന കേന്ദ്രങ്ങളാണ് ആ ദുര്‍വ്യാഖ്യാനങ്ങളെയും ഊഹാപോഹങ്ങളെയും ആഘോഷമാക്കി മാറ്റാന്‍ കിണഞ്ഞുശ്രമിക്കുന്നതെന്നും പത്രം പറയുന്നു.

ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയതയെ എല്ലാ അര്‍ത്ഥത്തിലും വ്യാപ്തിയിലും നേരിടാന്‍ കഴിയുന്ന ഇടതുപക്ഷ, മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ പ്രതിരോധ നിരയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നും പത്രം പറയുന്നു. ആ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് അതീവ നിര്‍ണായകമായ പങ്ക് നിര്‍വഹിക്കാനുണ്ട്. രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളില്‍ നിര്‍ണായക പ്രാധാന്യമുള്ള സി.പി.ഐയും സി.പി.എമ്മും ദേശീയ തലത്തില്‍ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ടെന്നും മുഖപ്രസംഗം പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *