ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി; വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി. വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം. കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നത് അയോഗ്യതയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം.

ഗുരുതര കേസുള്ളവര്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളും വെളിപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ക്രിമിനല്‍ കേസുകളിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ മല്‍സരിക്കുന്നതു വിലക്കാന്‍ സുപ്രീംകോടതിക്കാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയിൽ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാഷ്ട്രീയത്തിൽ വരുന്നതു തടയാൻ കോടതി മാർഗനിർദേശം പുറപ്പെടുവിച്ചു. കേസിന്റെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകണം.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി പുറത്തുവരുന്നത്. നിലവിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ജനപ്രതിനിധികൾ ആയോഗ്യരാകുകയുള്ളു. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുംവരെ കുറ്റാരോപിതൻ മാത്രമാണെന്ന കാര്യം മറക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തു. നിയമനിർമാണം പാർലമെന്റിന്റെ അധികാരമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *