രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി; മേള നടത്താന്‍ അക്കാദമി പണം കണ്ടെത്തണം

രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് അനുമതി. മേള നടത്താന്‍ അക്കാദമി പണം കണ്ടെത്തണമെന്ന് അറിയിച്ചു. ചെലവ് ചുരുക്കി മേള നടത്താമെന്ന അക്കാദമി നിര്‍ദേശം സര്‍ക്കാര്‍ അംഗികരിക്കുകയായിരുന്നു. മൂന്ന് കോടി ചെലവില്‍ ചലചിത്രമേള നടത്താമെന്നായിരുന്നു നിര്‍ദേശം.

ഉദ്ഘാടന ചടങ്ങിന്റെയും സമാപന സമ്മേളനത്തിന്റെയും പകിട്ട് കുറയ്ക്കണമെന്നും സമാപന ചടങ്ങ് പുരസ്‌കാര വിതരണം മാത്രമാക്കി ചുരുക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ 650 ആയിരുന്ന ഫീസ് ഇത്തവണ 1,500 എങ്കിലും ആക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ഥികളുടെ ഫീസ് ഇനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് സൂചന. മേളയുമായി ബന്ധപ്പെട്ട മറ്റെല്ലാ പകിട്ടുകളും കുറയ്ക്കണമെന്നും വിദേശജൂറികളുടെ എണ്ണം കുറക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ പാലിച്ച് മേള നടത്തുന്നതിന് സാംസ്‌കാരിക വകുപ്പ് നേരത്തെ തന്നെ സമ്മതം നല്‍കിയിരുന്നു.

വകുപ്പ് മന്ത്രി ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറയി വിജയനെ ധരിപ്പിക്കുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തതോടെയാണ് ഇത്തവണയും മുടക്കം കൂടാതെ മേള നടക്കും എന്ന് ഉറപ്പായത്. പ്രളയക്കെടുതിയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട സംസ്ഥാനത്ത് സ്‌കൂള്‍ കലാകായികശാസ്ത്ര മേളകളും ചലച്ചിത്രമേളയും ഇത്തവണ നടത്തേണ്ട എന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിലപാട്. എന്നാല്‍, ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ സ്‌കൂള്‍ കലോത്സവവും കായികമേളയും ശാസ്ത്രമേളയും ആഘോഷങ്ങള്‍ ഒന്നുമില്ലാതെ നടത്താന്‍ നിശ്ചയിച്ചിരുന്നു. കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്തുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

ഇതോടെ, ചലച്ചിത്രമേളയും നടത്തണമെന്ന് ആവശ്യം വീണ്ടും ശക്തമായി. ഇതിന് ചലച്ചിത്ര അക്കാദമി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാ സംബന്ധമായി വിദേശത്തായതിനാല്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് വകുപ്പ് മന്ത്രി അറിയിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *