കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം പുനരാരംഭിക്കും തീരുമാനം ജില്ലാ കളക്ടറുമായുള്ള ചര്‍ച്ചയില്‍


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം പുനരാരംഭിക്കും . ഇന്‍ഷൂറന്‍സ് കമ്ബനികള്‍ നല്‍കാനുള്ള തുക കുടിശ്ശികയായതോടെ ആശുപത്രിയിലെ മരുന്നുവിതരണം പ്രതിസന്ധിയിലായിരിക്കുകയായിരുന്നു . ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മരുന്ന് വിതരണം സാധാരണ നിലയിലാക്കാമെന്ന് തീരുമാനമായത് . മെഡിക്കല്‍ കോളേജില്‍ നിന്ന് വിവിധ മരുന്നുവിതരണക്കാര്‍ക്കുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.


കുടിശ്ശിക നല്‍കാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞുവെന്നും രണ്ടുദിവസത്തിനുള്ളില്‍ കുടിശ്ശികയുടെ ആദ്യഘട്ടം നല്‍കുമെന്നും കഴിവതുംവേഗം മരുന്നു കമ്ബനികള്‍ക്ക് കുടിശ്ശിക മുഴുവനായും നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. സ്റ്റെന്റുകളുടെ വിതരണമടക്കം മുടങ്ങിയതോടെ മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് അടക്കം അടച്ചുപൂട്ടേണ്ടിവന്നിരുന്നു . ഇതോടെ പലരുടേയും അടിയന്തര ശസ്ത്രക്രിയ അടക്കം മുടങ്ങുന്ന അവസ്ഥയുണ്ടായി. ഇതോടെയാണ് കളക്ടര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.




Sharing is Caring