കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കയ്യാങ്കളി

കോഴിക്കോട്: അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കയ്യാങ്കളി. പദ്ധതിയെക്കുറിച്ച പ്രതിപക്ഷത്തിന്‍െറ ചോദ്യത്തിന് മേയര്‍ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്‍െറ നടുത്തളത്തിലേക്ക് ഇറങ്ങിയതാണ് ഇരുവിഭാഗവും തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്. ചോദ്യങ്ങള്‍ക്ക് ഉപചോദ്യം പാടില്ലെന്ന മേയറുടെ റൂളിങ്ങാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ മേയറുടെ ചേംബറില്‍ കയറി അജണ്ട പിടിച്ചുവലിച്ചതായി ആരോപണമുണ്ട്. പ്രതിപക്ഷത്തെ ചില വനിതാ അംഗങ്ങള്‍ക്ക് നേരെ കയ്യേറ്റം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ചു. കോഴിക്കോട് അടക്കം സംസ്ഥാനതലത്തില്‍ അമൃത് പദ്ധതിക്കുള്ള കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നെന്നാണ് ആരോപണം.

പ്രധാന നഗരങ്ങളുടെ ആധുനിക വല്‍ക്കരണം ലക്ഷ്യമിട്ടാണ് അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന അമൃത് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്. ജലവിതരണ പദ്ധതികള്‍ നടപ്പാക്കല്‍, ഗതാഗത പരിഷ്ക്കരണം, ഓടകളുടേയും പൂന്തോട്ടങ്ങളുടേയും നിര്‍മാണം, മലിന ജല സംസ്ക്കരണം എന്നിവയാണ് ഇതിലെ പ്രധാന പദ്ധതികള്‍.

ചെലവിന്‍റെ പകുതി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ മുപ്പത് ശതമാനവും തദ്ദേശ സ്ഥാപനങ്ങള്‍ 20 ശതമാനവും വഹിക്കണം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും പാലക്കാട്, ഗുരുവായൂര്‍, ആലപ്പുഴ നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *