കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസ്-സി.പി.എം ധാരണ

കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് വീണ്ടും സി.പി.എം കേരള കോണ്‍ഗ്രസ് (എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വീണ്ടും സി.പി.എം കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കേരളാ കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യന്‍ പുളത്തുങ്കല്‍ 12 അംഗങ്ങളുടെ പിന്തുണയോടെ വിജയിച്ചു. സി.പി.എമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ആറുവീതം അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസിനെ പിന്തുണച്ചു. സി.പി.ഐ അംഗവും പി.സി ജോര്‍ജ് പിന്തുണയ്ക്കുന്ന അംഗവും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കേരളാ കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായുള്ള ഒഴിവിലേക്കായാരുന്നു തിരഞ്ഞെടുപ്പ്.

കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ധാരണ പ്രകാരം നിലവില്‍ ഒഴിവു വന്ന സീറ്റ് കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ധാരണകള്‍ തെറ്റിച്ച കേരളാ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് ലിസമ്മ ബേബിയെ സ്ഥാനാര്‍ഥിയാക്കിയത്.

എന്നാല്‍ കേരളാ കോണ്‍ഗ്രസ് സി.പി.എം പിന്തുണ ഉറപ്പ് വരുത്തുകയായിരുന്നു. ആകെ 22 അംഗങ്ങളുള്ള കൗണ്‍സിലില്‍ എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. സി.പി.എമ്മിനും കേരളാ കോണ്‍ഗ്രസിനും ആറു വീതം അംഗങ്ങളുണ്ട്. സി.പി.ഐക്ക് ഒരംഗവും പി.സി ജോര്‍ജിന് പിന്തുണയുള്ള ഒരംഗവുമുണ്ട്. നിലവില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ സെബാസ്റ്റ്യന്‍ പുളത്തുങ്കല്‍ പുതിയ സ്ഥാനത്തേക്ക് വരുന്നതോടെ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടു തിരഞ്ഞെടുപ്പ് നടക്കും.

ധാരണകള്‍ ലംഘിച്ച്‌ കോണ്‍ഗ്രസ് മത്സരിച്ചത് ഏറ്റവും വലിയ വഞ്ചനയാണെന്ന് സഖറിയാസ് കുതിരവേലി പ്രതികരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *