കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിറുത്തിവയ്ക്കണം, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി സി ജി ഐ നിര്‍ദേശം

ന്യൂഡല്‍ഹി: ഓക്​സ്​ഫഡ്​ സര്‍വകലാശാല വികസിപ്പിച്ച കൊവിഡ്​ പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന്​ ആളുകളെ തിരഞ്ഞെടുക്കുന്നത് താത്കാലികമായി നിറുത്തിവയ്ക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡി സി ജി ഐ) നിര്‍ദേശം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിറുത്തിവയ്ക്കാനാണ് ഡി സി ജി ഐ അറിയിച്ചിരിക്കുന്നത്.

വാക്സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുമ്ബ് യു കെയിലേയും ഇന്ത്യയിലേയും ഡാറ്റ ആന്റ് സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡില്‍(ഡി എസ് എം ബി) നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡി സി ജി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നിലവില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നവരുടെ സുരക്ഷാനിരീക്ഷണം ശക്തമാക്കണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡി സി ജി ഐ വ്യക്തമാക്കി.
യു.കെയില്‍ വാക്സിന്‍ കുത്തിവച്ച ഒരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിറുത്തിവച്ചിരുന്നു. അജ്ഞാതരോഗം കൊവിഡ് പ്രതിരോധ മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ ഇന്ത്യയിലെ പരീക്ഷണം തുടരാനായിരുന്നു തീരുമാനം.

ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഓക്‌സ്‌ഫഡ് വാക്സിന്‍ ‘കൊവിഷീല്‍ഡ്’ എന്ന പേരിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മിക്കാനിരുന്നത്. ആഗസ്റ്റ് 26 മുതല്‍ ഇന്ത്യയിലെ 17നഗരങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *