കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ഹൈക്കോടതി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ കൊച്ചി നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി വെള്ളക്കെട്ട് നിവാര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ പ്രളയത്തില്‍ നിന്നടക്കം ഒരു പാഠവും പഠിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ കോര്‍പ്പറേഷന്റെ പിടിപ്പുകേടിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.

നഗരത്തിലെ വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടര്‍ രംഗത്തിറങ്ങിയത്. ഇല്ലെങ്കില്‍ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നഗരസഭയ്‌ക്കെതിരെ ഇന്ന് വിമര്‍ശനം നടത്തിയത്.

അതിശക്ത മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് കോര്‍പ്പറേഷന്‍ വാദിച്ചപ്പോള്‍ മഴയാണ് കാരണമെങ്കില്‍ തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ കോര്‍പ്പറേഷന് സാധിക്കുമോയെന്നും കോടതി ചോദിച്ചു.

വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയര്‍ സൗമിനി ജെയിനിന്റെ പ്രതികരണം ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ കോടതി ഓടകളിലെ ചെളിനീക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയപ്പോള്‍ നാല് മണിക്കൂര്‍ കൊണ്ട് പ്രശനം പരിഹരിച്ചത് നിങ്ങള്‍ കണ്ടോ എന്നും കോടതി നഗരസഭയോട് ചോദിച്ചു.ഇതിന് മുന്നിട്ടിറങ്ങിയ കളക്ടര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കോര്‍പ്പറേഷന് ഒറ്റയ്ക്ക് കാര്യങ്ങള്‍ നടത്താന്‍ ആവില്ല എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യം ആണെന്നും ഇപ്പോള്‍ എങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ എന്നും പരിഹസിച്ച കോടതി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു ദൗത്യ സംഘം രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു.

സമിതിമിയില്‍ തദ്ദേശ സ്വയഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളാകണം. പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കാന്‍ സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയില്‍ ഹാജരായ അഡ്വലക്കറ്റ് ജനറല്‍ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. ഈമാസം 25നാണ് കൊച്ചി മേയര്‍, കളകടര്‍ അടക്കമുള്ളവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *